ജനങ്ങള്‍ പുറത്തിറങ്ങരുത് ; കടകള്‍ തുറക്കരുത് ; കണ്ടയിന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം ; ഹോട്ട്‌സ്‌പോട്ടുകളില്‍ കടകള്‍ 11 മുതല്‍ അഞ്ചുവരെ മാത്രം

കണ്ടയിന്‍മെന്റ്  സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്കു പോകുന്നതിനും രണ്ടു പോയിന്റുകള്‍ മാത്രമാണ് ഉണ്ടാകുക
ജനങ്ങള്‍ പുറത്തിറങ്ങരുത് ; കടകള്‍ തുറക്കരുത് ; കണ്ടയിന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം ; ഹോട്ട്‌സ്‌പോട്ടുകളില്‍ കടകള്‍ 11 മുതല്‍ അഞ്ചുവരെ മാത്രം


കോട്ടയം : റെഡ്‌സോണിലേക്ക് മാറിയതോടെ കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണം കടുപ്പിച്ചു. ഇന്നുമുതല്‍ കര്‍ശന നിയന്ത്രണത്തിലായിരിക്കും ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളും. ജില്ലകളുടെ അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഇതോടെ സംസ്ഥാനത്ത് റെഡ്‌സോണിലായ ജില്ലകളുടെ എണ്ണം ആറായി.  

ഇടുക്കിയില്‍ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയത്തെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് ഹോട്‌സ്‌പോട്ടുകളായത്. വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകളാണ് കോട്ടയത്തെ ഹോട്‌സ്‌പോട്ടുകള്‍. ഇവിടങ്ങളില്‍ മേയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

റെഡ് സോണിലെ  കണ്ടയിന്‍മെന്റ് സോണുകളിലെ (ഹോട്ട്‌സ്‌പോട്ടുകളില്‍ പൊലീസ് മാര്‍ക്ക് ചെയ്ത മേഖല) ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചു. കണ്ടയിന്‍മെന്റ്  സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്കു പോകുന്നതിനും രണ്ടു പോയിന്റുകള്‍ മാത്രമാണ് ഉണ്ടാകുക. ഈ പോയിന്റുകള്‍ റവന്യൂ/ പൊലീസ് പാസ് മുഖേന നിയന്ത്രിക്കും.

കണ്ടയിന്‍മെന്റ് സോണുകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും. പാചകവാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം മാത്രം. റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. കുടിവെള്ള, വൈദ്യുതി തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.

കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനം വീടിന് പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്‌സ്‌പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. കോവിഡ്  19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്‌സ്, സിവില്‍ സപ്ലൈസ്, ജലഅതോറിറ്റി, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com