നിരത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

നിരത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു
നിരത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

കോട്ടയം: കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. നിരോധനം സംബന്ധിച്ച് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്.

ജില്ലയിലെ ഹോട്ട്സ്‌പോട്ടുകളില്‍ ജനങ്ങള്‍ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാന്‍ അനുവദിച്ചും പൊലീസ് പ്രത്യേകം മാര്‍ക്ക് ചെയ്ത കണ്ടെയ്ന്‍മെന്റ്‌ മേഖലയില്‍ വീടിന് പുറത്ത് സഞ്ചരിക്കുന്നത്  നിരോധിച്ചും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലെ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ചില മേഖലകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഹോട്ട്‌സ്‌പോട്ടുകളില്‍ പാചക വാതക വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് സാധാരണ നിലയില്‍  പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ വൈകിട്ട് അഞ്ച് വരെ  പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസിനു മാത്രമാണ് അനുമതി. ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി എട്ട് മണി വരെ അനുവദിക്കും. പാചകവാതക വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവയ്ക്ക് സാധാരണ നിലയില്‍  പ്രവര്‍ത്തിക്കാം.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഓഫീസുകള്‍, കോവിഡ് കെയര്‍ സെന്ററുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസുകള്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം, എക്‌സൈസ് വകുപ്പ് എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com