റോഡിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്നു; ശാരീരിക അകലം പാലിക്കുന്നില്ല; പൊലീസും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് മുഖ്യമന്ത്രി

റോഡിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്നു; ശാരീരിക അകലം പാലിക്കുന്നില്ല; പൊലീസും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് മുഖ്യമന്ത്രി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: റോഡിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പം ചിലയിടത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ കടകള്‍ ഏത് സയത്ത് തുറക്കണം, റെഡ് സോണില്‍ എങ്ങനെ വേണം, അല്ലാത്തടത്ത് എങ്ങനെ വേണം എന്നെല്ലാം സംബന്ധിട്ട് ആശയക്കുഴപ്പമുണ്ട്. ഇതിനെല്ലാം കൃത്യമായ മാനദണ്ഡം ഉള്ളതാണെന്നും അത് പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. മാനദണ്ഡങ്ങളില്‍ അവ്യക്തയുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചിലയിടത്തെങ്കിലും മാലിന്യങ്ങള്‍ കുമിഞ്ഞു കിടക്കുന്നുണ്ട്. അത് നിര്‍മാര്‍ജനം ചെയ്യുന്നത് പ്രധാനമാണ്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

തദ്ദേശ സ്ഥാപനങ്ങല്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെ അടക്കം ഉപോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇടുക്കി ജില്ലാ അതിര്‍ത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളുടെ ലോറികള്‍ നിര്‍ബാധം കടന്നുവരുന്നു എന്ന ആക്ഷേപം ശ്രദ്ധയിപ്പെടുകയുണ്ടായി. ഇത് പരിഹരിക്കുന്നതിന് ശക്തമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ആളുകളും പല ഊടുവഴികളിലൂടെ കടന്നുവരുന്നുണ്ട്. ഇത് തടയുന്നതിനായി പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ യോജിച്ച് ഒരു കര്‍മ പദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com