ഈ പുരസ്‌കാരങ്ങള്‍ ഇനി സര്‍ക്കാരിന്: സ്വര്‍ണ പതക്കങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഡോക്ടര്‍

ഈ പുരസ്‌കാരങ്ങള്‍ ഇനി സര്‍ക്കാരിന്: സ്വര്‍ണ പതക്കങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഡോക്ടര്‍
ഡോ. പിവി മോഹനന്‍ പുരസ്‌കാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നു/പിആര്‍ഡി
ഡോ. പിവി മോഹനന്‍ പുരസ്‌കാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നു/പിആര്‍ഡി

കണ്ണൂര്‍: ലഭിച്ച പുരസ്‌കാരങ്ങള്‍ക്ക് ഒരോന്നിനും മാധുര്യമേറെയുണ്ട്. ഓരോ തവണ അത്  കാണുമ്പോഴും പിന്നിട്ട ജീവിത വഴികളെക്കുറിച്ച് ഓര്‍ത്ത് ആ  സ്മരണകള്‍ പുതുക്കാറുമുണ്ട്. എന്നാല്‍ ആ പുരസ്‌കാരങ്ങള്‍ സാമൂഹ്യ നന്മയ്ക്ക് ഉതകുമ്പോഴാണ് ഇരട്ടി മധുരമുണ്ടാകുക. അങ്ങനെയൊരു മാധുര്യം അനുഭവിക്കാനായതിന്റെ സന്തോഷത്തിലാണ്  മൃഗസംരക്ഷണ  വകുപ്പില്‍ നിന്നും വിരമിച്ച ഡോ. പി വി മോഹനന്‍. പുരസ്‌കാരമായി തനിക്ക് ലഭിച്ച സ്വര്‍ണ പതക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് അദ്ദേഹം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസിലെത്തിയാണ് ഡോക്ടര്‍ സ്വര്‍ണ പതക്കങ്ങള്‍ കൈമാറിയത്.

2003ല്‍ ഡോ. മോഹനന്  ഏറ്റവും നല്ല  വികസന ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കര്‍ഷക മിത്ര അവാര്‍ഡും 2012ല്‍ ഏറ്റവും മികച്ച വിഞ്ജാന വ്യാപന പ്രവര്‍ത്തനത്തിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡും ലഭിച്ചിരുന്നു. ഈ  രണ്ട് അവാര്‍ഡുകളും ലഭിച്ച ആദ്യ സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ് അദ്ദേഹം. രണ്ട് തവണ സദ് സേവന പുരസ്‌കാരവും നേടിയിട്ടുണ്ട് ഡോ. മോഹനന്‍.  

ഇത്രയും കാലം  വീട്ടില്‍ സൂക്ഷിച്ചുവെച്ച സ്വര്‍ണ പതക്കങ്ങള്‍ ഒരു നല്ല ആവശ്യത്തിന് ഉപയോഗിക്കാനായതില്‍ സന്തോഷമാണുള്ളതെന്ന് ഡോക്ടര്‍ പറയുന്നു. ക്ഷീര വികസന വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ രാജശ്രീ കെ മേനോനാണ് ഭാര്യ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com