ക്വാറന്റീന്‍ ലംഘിച്ച്‌ മുങ്ങി, പൊലീസ്‌ അന്വേഷണത്തില്‍ രഹസ്യമായി നടത്തിയ രണ്ടാം വിവാഹവും പുറത്തായി, കാറ്‌ തകര്‍ത്ത്‌ ആദ്യ ഭാര്യയുടെ രോഷം

ക്വാറന്റൈന്‍ ലംഘിച്ച്‌ മുങ്ങിയതോടെ കേസായതിനൊപ്പം, നാല്‌ വര്‍ഷമായി രഹസ്യമാക്കി വെച്ചിരുന്ന രണ്ടാം വിവാഹം പുറത്തായി
ക്വാറന്റീന്‍ ലംഘിച്ച്‌ മുങ്ങി, പൊലീസ്‌ അന്വേഷണത്തില്‍ രഹസ്യമായി നടത്തിയ രണ്ടാം വിവാഹവും പുറത്തായി, കാറ്‌ തകര്‍ത്ത്‌ ആദ്യ ഭാര്യയുടെ രോഷം


കാളികാവ്:‌ ക്വാറന്റീന്‍ ലംഘിച്ച്‌ മുങ്ങിയതോടെ കേസായതിനൊപ്പം, നാല്‌ വര്‍ഷമായി രഹസ്യമാക്കി വെച്ചിരുന്ന രണ്ടാം വിവാഹം പുറത്തായി. കായംകുളം സ്വദേശിയായ 55കാരനാണ്‌ ക്വാറന്റൈനില്‍ കഴിയണം എന്ന നിര്‍ദേശം ലംഘിച്ചത്‌.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിയാണ്‌ ഇയാള്‍. കായംകുളത്ത്‌ ഇയാള്‍ 28 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ക്വാറന്റൈന്‍ ദിവസം കഴിഞ്ഞപ്പോള്‍ അധികൃതരുടെ സമ്മതപത്രത്തോടെ മലപ്പുറം ജില്ലയിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തി. കായംകുളത്ത്‌ 28 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിരുന്നു എങ്കിലും 14 ദിവസം വീടിന്‌ പുറത്തിറങ്ങരുത്‌ എന്നും ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചിരുന്നു.

മലപ്പുറം ജില്ലയില്‍ നിസമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസും ആരോഗ്യ വകുപ്പും വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ തന്നെ തുടരണം എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന്‌ ഇയാള്‍ വീണ്ടും കായംകുളത്തേക്ക്‌ കടന്നു. ഇതോടെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കായംകുളം സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എഎസ്‌ഐ ഷാജഹാനെ അറിയിച്ചു.

സ്‌പെഷ്യല്‍ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെയാണ്‌ രണ്ടാം വിവാഹം സംബന്ധിച്ച രഹസ്യം പുറത്തറിയുന്നത്‌. ഇത്‌ കേട്ട്‌ രോഷാകുലയായ ഭാര്യ ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ അടിച്ചു തകര്‍ത്തതായി പൊലീസ്‌ പറയുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും, ഒരു മാസത്തേക്ക്‌ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക്‌ മാറ്റുകയും ചെയ്‌തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com