യാത്രാ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കേസെടുക്കും, ചരക്കു വാഹനങ്ങള്‍ അറിയിക്കാതെ എത്തുന്നവര്‍ ഭീഷണിയെന്ന് കലക്ടര്‍

യാത്രാ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കേസെടുക്കും, ചരക്കു വാഹനങ്ങള്‍ അറിയിക്കാതെ എത്തുന്നവര്‍ ഭീഷണിയെന്ന് കലക്ടര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: ഇതര സംസ്ഥാനങ്ങള്‍, രോഗ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രാ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാതെ കഴിയുന്നവര്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് കലക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശി യഥാര്‍ഥ യാത്രാ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവച്ചതായി കണ്ടെത്തി. ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.  

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കോവിഡ് ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നു. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഇയാള്‍ക്ക് ഒപ്പമെത്തിയ മാറഞ്ചേരി സ്വദേശിക്കും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം ഓട്ടോറിക്ഷയില്‍ ചമ്രവട്ടം പാലത്തിനടുത്തെത്തി അവിടെ നിന്നാണ് മറ്റൊരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് നിന്ന് യാത്ര ചെയ്‌തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.

ഇയാളുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍  0483 273 7858, 273 7857, 273 3251, 273 3252, 273 3253.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com