'അങ്ങോട്ടു നോക്കരുത്, നിയന്ത്രിക്കാനാവാത്തവിധം മാനസിക വിഭ്രാന്തിയായി മാറാന്‍ സാദ്ധ്യതയുണ്ട്': മന്ത്രി എം എം മണി

കേരളത്തിലെ കണക്കും നോക്കി നിന്നാല്‍ മുരളീധരന്റെ ആ വിഭ്രാന്തി മാറികിട്ടില്ലെന്ന് മന്ത്രി മണി
'അങ്ങോട്ടു നോക്കരുത്, നിയന്ത്രിക്കാനാവാത്തവിധം മാനസിക വിഭ്രാന്തിയായി മാറാന്‍ സാദ്ധ്യതയുണ്ട്': മന്ത്രി എം എം മണി

തിരുവനന്തപുരം : ഇടുക്കിയിലും കോട്ടയത്തും ലോക്ക്ഡൗണില്‍ ഇളവു വരുത്തിയതാണ് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി. കേരളത്തില്‍ കോവിഡ് മരണനിരക്കും, രോഗികളുടെ എണ്ണവും താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വര്‍ദ്ധിക്കാത്തതിന്റെ വിഭ്രാന്തിയിലാണ് വി മുരളീധരന്‍. കേരളത്തിലെ കണക്കും നോക്കി നിന്നാല്‍ മുരളീധരന്റെ ആ വിഭ്രാന്തി മാറികിട്ടില്ലെന്ന് മന്ത്രി മണി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

മുരളീധരന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: ബിജെപി ഭരിക്കുന്ന യു.പി.യിലെയോ, ഗുജറാത്തിലെയോ, കര്‍ണ്ണാടകയിലെയോ സ്ഥിതി ഒരു കാരണവശാലും പരിശോധിച്ചു നോക്കരുത്. അങ്ങനെ നോക്കിയാല്‍ നിയന്ത്രിക്കാനാവാത്തവിധം മാനസിക വിഭ്രാന്തിയായി മാറാന്‍ സാദ്ധ്യതയുണ്ട്. എന്നും മണി പരിഹസിച്ചു. കൊടുക്കലും, കൊള്ളലുമൊക്കെ കെടുതിക്കാലം കഴിഞ്ഞു പോരേ? എന്നും മണി പറഞ്ഞു.

കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും കേരള സര്‍ക്കാരിന് ലഭിക്കുന്ന പ്രശംസ കണ്ടിട്ടുണ്ടായ മന:ക്ലേശം കൂടിയാണ് മുരളീധരന്‍ പ്രകടിപ്പിച്ചത്. ഇതുവരെ കേരളത്തിനു വേണ്ടി ഒന്നും പ്രതികരിക്കാതിരുന്ന മുരളീധരന്റെ ഇപ്പോഴുണ്ടായ പ്രസ്താവന തികച്ചും അപഹാസ്യമാണെന്ന് മറ്റൊരു കുറിപ്പില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കേരളത്തില്‍ കോവിഡ് മരണനിരക്കും, രോഗികളുടെ എണ്ണവും താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വര്‍ദ്ധിക്കാത്തതിന്റെ വിഭ്രാന്തിയിലാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കേരളത്തിലെ കണക്കും നോക്കി നിന്നാല്‍ മുരളീധരന്റെ ആ വിഭ്രാന്തി മാറികിട്ടില്ല.

പ്രിയപ്പെട്ട മുരളീധരന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: സ്വന്തം പാര്‍ട്ടിയായ ബിജെപി ഭരിക്കുന്ന യു.പി.യിലെയോ, ഗുജറാത്തിലെയോ, കര്‍ണ്ണാടകയിലെയോ സ്ഥിതി ഒരു കാരണവശാലും പരിശോധിച്ചു നോക്കരുത്. അങ്ങനെ നോക്കിയാല്‍ നിയന്ത്രിക്കാനാവാത്തവിധം മാനസിക വിഭ്രാന്തിയായി മാറാന്‍ സാദ്ധ്യതയുണ്ട്.

കൊടുക്കലും, കൊള്ളലുമൊക്കെ കെടുതിക്കാലം കഴിഞ്ഞു പോരേ? നമുക്ക് ഒരുമിച്ച് നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാം.


രണ്ടാമത്തെ പോസ്റ്റ് ഇപ്രകാരം

രാജ്യത്ത് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിത്യചെലവിനുള്ള ചില്ലികാശ് പോലും എടുക്കാനില്ലാതെ കോടിക്കണക്കിന് ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നയം, തട്ടിപ്പിലൂടെ ശതകോടികള്‍ കൈവശം വച്ചിരിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം.
ഇവര്‍ക്കു വേണ്ടി 68670 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത് ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുവാനുള്ള കഷ്ടപ്പാടിലാണ് ഇവിടെയെത്തിയ കേന്ദ്ര സഹമന്ത്രി മുരളീധരന്‍.
എന്തെങ്കിലും 'ന്യായീകരണം' കണ്ടെത്തുന്നതു വരേക്കെങ്കിലും അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കണമല്ലോ. അതിനായി അദ്ദേഹം കണ്ടെത്തിയ വഴിയോ, കോവിഡിനെ നേരിടുന്നതില്‍ ലോകത്തിനു തന്നെ മാതൃകയായി മാറിയ ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിനെതിരെ 'ഗ്രീന്‍ സോണും, റെഡ് സോണും, മഞ്ഞളിപ്പും' പറഞ്ഞ് വാചക കസര്‍ത്ത് നടത്തുക എന്നതാണ്. മാത്രമല്ല, എല്ലാ കേന്ദ്രങ്ങളില്‍ നിന്നും കേരള സര്‍ക്കാരിന് ലഭിക്കുന്ന പ്രശംസ കണ്ടിട്ടുണ്ടായ മന:ക്ലേശം കൂടിയാണ് അദ്ദേഹം ഇവിടെ പ്രകടിപ്പിച്ചത്. ഇതുവരെ കേരളത്തിനു വേണ്ടി ഒന്നും പ്രതികരിക്കാതിരുന്ന മുരളീധരന്റെ ഇപ്പോഴുണ്ടായ പ്രസ്താവന തികച്ചും അപഹാസ്യമാണ്.

ഗ്രീന്‍ സോണ്‍ റെഡ് സോണായ വഴികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അക്കാര്യത്തില്‍ മുരളീധരന്റെ അറിവില്ലായ്മയില്‍ നിന്നുണ്ടായ വിലയിരുത്തല്‍ ഇവിടെ വിലപ്പോവില്ല.

'പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയല്ല വേണ്ടതെന്നും, അവര്‍ക്ക് കൊറോണ ബാധിച്ചാലും അവിടെത്തന്നെ കിടക്കട്ടെയെന്നും' നിലപാടെടുത്ത കേന്ദ്ര സര്‍ക്കാരിന്റ പ്രവാസികാര്യ പ്രതിനിധി കൂടിയാണല്ലൊ മുരളീധരന്‍. രാജ്യത്തിനു വേണ്ടി പുറംനാടുകളില്‍ പോയി കഷ്ടപ്പെടുന്നവരെ ഇങ്ങനെയൊരു സാഹചര്യത്തില്‍ തിരിച്ചെത്തിച്ച് സംരക്ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. മറിച്ച്, പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളെ എതിര്‍ത്ത് തോല്പിക്കുകയായിരുന്നു ലക്ഷ്യം.

കേരളത്തിനുവേണ്ടി ഒരക്ഷരം മിണ്ടാത്ത മുരളീധരനില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കണ്ട .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com