ഇവിടെ സുരക്ഷിതനാണ്; അമേരിക്ക വേണ്ട, കേരളം മതി; വിസ നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി യുഎസ് പൗരന്‍ ഹൈക്കോടതിയില്‍

കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും തന്റെ വിസ നീട്ടിക്കിട്ടണമെന്നായിരുന്നു ജോണിന്റെ ആവശ്യം.
ഇവിടെ സുരക്ഷിതനാണ്; അമേരിക്ക വേണ്ട, കേരളം മതി; വിസ നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി യുഎസ് പൗരന്‍ ഹൈക്കോടതിയില്‍

കൊറോണ വൈറസിനെയും തുടര്‍ന്നുള്ള നിയന്ത്രണങ്ങളുമൊക്കെ കാരണം കുടുങ്ങിപ്പോയവര്‍ സ്വന്തം നാട്ടിലെത്താന്‍ കഷ്ടപ്പെടുന്നതിനിടെ,  താനിപ്പോഴുള്ള കേരളത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പൗരന്‍ കേരള ഹൈക്കോടതിയില്‍.  നാടക സംവിധായകനും എഴുത്തുകാരനുമായ ടെറി ജോണ്‍ ആണ് ഹൈക്കോടതിയെ  സമീപിച്ചത്. കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും തന്റെ വിസ നീട്ടിക്കിട്ടണമെന്നായിരുന്നു ജോണിന്റെ ആവശ്യം.

'അമേരിക്കയിലേതിനേക്കാള്‍ സുരക്ഷിതത്വം എനിക്കിവിടെ അനുഭവപ്പെടുന്നു', ഹൈക്കോടതി വിധി അനുകൂലമായതിനു പിന്നാലെ ജോണ്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'നിലവില്‍ അമേരിക്കയിലെ അവസ്ഥ വളരെ മോശമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ കുറഞ്ഞത് ആറു മാസം കൂടി നീട്ടി നല്‍കാന്‍ കഴിയുമോ എന്നാണ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ അമേരിക്കയേക്കാള്‍ എത്രയോ ഭേദപ്പെട്ട രീതിയിലാണ് ഇന്ത്യയിലെ കാര്യങ്ങള്‍', ജോണ്‍ പറയുന്നു.

വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എമിരേറ്റസ് പ്രൊഫസര്‍ കൂടിയായ ജോണ്‍ ഇപ്പോള്‍ കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ് താമസം. മെയ് 20 വരെ ജോണ്‍ നേരത്തെ വിസ നീട്ടിയിരുന്നെങ്കിലും കോവിഡിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ. കെ.പി ശാന്തി മുഖേനെ കോടതിയെ സമീപിച്ചത്.

വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ വിസയുടെ കാലാവധി നീട്ടി നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ തനത് നാടകങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റുമായി 2012 മുതല്‍ ജോണ്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശക വിസയില്‍ വരുമ്പോള്‍ ലഭിക്കുന്ന 180 ദിവസ കാലാവധി അവസാനിച്ചതോടെയാണ് ഇത് നീട്ടിയെടുക്കേണ്ടി വരുന്നത്. കൊച്ചിയിലെ ഫീനിക്‌സ് വേള്‍ഡ് തീയേറ്റര്‍ ഗ്രൂപ്പിന്റെ ചാരു നാരായണകുമാറിന്റെ കുടുംബത്തോടൊപ്പമാണ് ജോണ്‍ താമസിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'കൊച്ചിയിലെ ഒരു ഇന്ത്യന്‍ കുടുംബത്തിനൊപ്പം താമസിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. വളരെ സുരക്ഷിതമാണ് ഇവിടം. ഇന്ത്യ, പ്രത്യേകിച്ച് കേരളം കൊറോണ വൈറസിനെ നേരിടുന്നത് വളരെ മെച്ചപ്പെട്ട രീതിയിലാണ്. ഈ മഹാമാരിയുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വളരെ നല്ല രീതിയിലുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്, ഒപ്പം, അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അത്ഭുതാവഹമാണ്', ജോണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com