'എല്ലാം നേരെയാവട്ടെ, വുഹാനിലേക്കു പോവണം, ക്ലാസുകള്‍ തീര്‍ക്കണം' ; രാജ്യത്തെ ആദ്യ കോവിഡ് ബാധിത പറയുന്നു

'എല്ലാം നേരെയാവട്ടെ, വുഹാനിലേക്കു പോവണം, ക്ലാസുകള്‍ തീര്‍ക്കണം' ; രാജ്യത്തെ ആദ്യ കോവിഡ് ബാധിത പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ''കാര്യങ്ങളൊക്കെ നേരെയാവട്ടെ, വുഹാനിലേക്കു തിരിച്ചു പോവണം. കോഴ്‌സ് പൂര്‍ത്തിയാക്കണം''- ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധിതയ്ക്ക് ഇക്കാര്യത്തില്‍ സംശയമേയില്ല. ലോകത്തെ മാറ്റിമറിച്ച കോവിഡിന്റെ പ്രജനന കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന വുഹാനിലേക്കു പഠനത്തിനായി തിരിച്ചുപോവണം എന്നു പറയുമ്പോള്‍ തെല്ലും ആശങ്കയില്ല അതില്‍.

വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശിനിക്കാണ് ഇന്ത്യയില്‍ രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അവധി ദിനങ്ങള്‍ ആയതിനാല്‍ നാട്ടില്‍ വന്നതായിരുന്നു. തൊണ്ട വേദനയും വരണ്ട ചുമയും വന്നപ്പോഴാണ് ചികിത്സ തേടിയത്. ചൈനയില്‍നിന്നു വന്നതാണെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാനുമായിരുന്നു അവര്‍ പറഞ്ഞത്. ചുമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആംബുലന്‍സ് അയച്ചു. പിന്നെ ആശുപത്രിയില്‍- അസുഖ കാലം ഓര്‍ത്തെടുത്തുകൊണ്ട് വ്ിദ്യാര്‍ഥിനി പറഞ്ഞു.

''പോസിറ്റിവ് ആണെന്ന പരിശോധനാ ഫലം വന്നപ്പോള്‍ പേടിയൊന്നും തോന്നിയില്ല. ലോകത്തിന്റെ പല ഭാഗത്തും ആളുകള്‍ കൊറോണ വന്നത് സുഖപ്പെടുന്നതെല്ലാം നമ്മള്‍ അറിയുന്നുണ്ടല്ലോ. എനിക്കാണെങ്കില്‍ പ്രത്യേകിച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും തോന്നിയുമില്ല. ചികിത്സാകാലത്ത് ഒരിക്കല്‍പ്പോലും ചെറിയ പനി പോലുമുണ്ടായില്ല. അത്രയ്ക്കു മികച്ചതാണ് കേരളത്തിലെ ചികിത്സാ സംവിധാനം''

മൂന്നാഴ്ചത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്. പിന്നെ വീട്ടില്‍ തന്നെ. പാചകം ഇഷ്ടമുള്ള കാര്യമാണ്. ചൈനയില്‍ ഭക്ഷണമെല്ലാം സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ അടുക്കളയില്‍ അമ്മയെ സഹിക്കലാണ് നേരം പോക്ക്.

ഫെബ്രുവരിയില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. ചൈനീസ് സമയം എട്ടു മണിക്ക് ആണ് ക്ലാസ് തുടങ്ങുക. നമ്മുടെ പുലര്‍ച്ചെ അഞ്ചര. ഒന്‍പതു മണിവരെ ക്ലാസുണ്ടാവും. ഓണ്‍ലൈനില്‍ എടുക്കുന്ന ക്ലാസുകള്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങിയ ശേഷം വീണ്ടും ഉണ്ടാവും എന്നാണ് അറിയിച്ചിട്ടുള്ളത്. വുഹാനിലെ കോളജില്‍ ചൈനീസ് അധ്യാപകര്‍ മാത്രമല്ല, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നെല്ലാമുള്ളവര്‍ പഠിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ നേരെയായാല്‍ വുഹാനിലേക്കു പോവണം എന്നതില്‍ സംശയമൊന്നുമില്ല- വിദ്യാര്‍ഥിനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com