കാര്‍ഡിന് 50 രൂപ, പ്രിന്റ് ചെയ്യുന്നതിന് 25 രൂപ ഫീസ് ; അപേക്ഷകര്‍ക്ക് അക്ഷയ കേന്ദ്രത്തിലൂടെ ഇനി ഇ-റേഷന്‍ കാര്‍ഡ് ; സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയെല്ലാം

നിലവില്‍ ഓണ്‍ലൈന്‍ റേഷന്‍ വിതരണമായതിനാല്‍  ഇ-റേഷന്‍ കാര്‍ഡിന് അകത്തെ ഷീറ്റുകള്‍ ഉണ്ടാകില്ല
കാര്‍ഡിന് 50 രൂപ, പ്രിന്റ് ചെയ്യുന്നതിന് 25 രൂപ ഫീസ് ; അപേക്ഷകര്‍ക്ക് അക്ഷയ കേന്ദ്രത്തിലൂടെ ഇനി ഇ-റേഷന്‍ കാര്‍ഡ് ; സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയെല്ലാം

തിരുവനന്തപുരം :  അക്ഷയ കേന്ദ്രത്തിലൂടെ തന്നെ അപേക്ഷകര്‍ക്ക് ഇനി ഇ-റേഷന്‍ കാര്‍ഡ് ലഭിക്കും. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിന് അനുമതി നല്‍കി. കോവിഡ് കാലത്ത് അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചില്ലെന്ന പരാതികളെത്തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നടപടി.

നിലവില്‍ ഓണ്‍ലൈന്‍ റേഷന്‍ വിതരണമായതിനാല്‍  ഇ-റേഷന്‍ കാര്‍ഡിന് അകത്തെ ഷീറ്റുകള്‍ ഉണ്ടാകില്ല. ബുക്ക് രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഇപ്രകാരം റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്തു നല്‍കുന്നതിനുള്ള ഫീസായി 25 രൂപയും കാര്‍ഡിന്റെ വിലയായി 50 രൂപയും ഈടാക്കാം. എഎവൈ പട്ടികവര്‍ഗ വിഭാഗത്തിന് പ്രിന്റിങ് നിരക്കു മാത്രമാകും ഈടാക്കുക. ഇതിന് ആവശ്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ വരുത്തുന്നതിനു നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തി.

അക്ഷയ കേന്ദ്രങ്ങള്‍വഴി ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് അപേക്ഷകര്‍ക്ക് സന്ദേശം നല്‍കും. പരിശോധനയില്‍ ന്യൂനത കണ്ടെത്തിയാല്‍ അതും അറിയിക്കും. താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടെത്തി ഇത് പരിഹരിക്കാന്‍ അവസരം നല്‍കും. അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വഴിയാണ് അംഗീകരിക്കുക.

ആധാര്‍ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രദേശവാസിയാണെന്ന് തെളിയിക്കാന്‍ കൗണ്‍സിലര്‍/പഞ്ചായത്ത് അംഗത്തിന്റെ കത്ത്, സത്യവാങ്മൂലം, ഫോണ്‍ നമ്പര്‍ എന്നിവ അടക്കമാണ് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ കുടുംബാംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തി സത്യവാങ്മൂലം നല്‍കിയാല്‍ ആധാര്‍ നമ്പര്‍ ഇ-പോസ് മെഷിന്‍ വഴി പരിശോധിച്ച് സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com