പൊലീസ് ജീപ്പ് റോഡിന് കുറുകെ, രക്ഷപ്പെടാന്‍ പുഴയില്‍ ചാടി; നീന്തിക്കയറിയ ബൈക്ക് മോഷ്ടാക്കള്‍ പൊലീസിന്റെ വലയില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുന്നതിനിടെ പൊലീസിനെ കണ്ട് ഇരുവഞ്ഞിപ്പുഴയില്‍ ചാടിയവര്‍ നീന്തിക്കയറിയപ്പോള്‍ മറ്റൊരു പൊലീസ് സംഘത്തിന്റെ വലയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുന്നതിനിടെ പൊലീസിനെ കണ്ട് ഇരുവഞ്ഞിപ്പുഴയില്‍ ചാടിയവര്‍ നീന്തിക്കയറിയപ്പോള്‍ മറ്റൊരു പൊലീസ് സംഘത്തിന്റെ വലയിലായി. കോഴിക്കോട് മുക്കം പാലത്തിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. രണ്ടു പേരാണ് ബൈക്കിലുണ്ടായിരുന്നത്. 

പൊലീസ് പട്രോളിങ്ങിനിടെയാണ് മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ അമിത വേഗത്തില്‍ കറങ്ങി നടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത രണ്ട് ചെറുപ്പക്കാരെ മുക്കം പൊലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം കൈകാണിക്കുന്നത്. പക്ഷെ വണ്ടി നിര്‍ത്താതെ ഇവര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുക്കം എസ് ഐ ജലീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹനം ഇവരെ പിന്തുടര്‍ന്നു. പാലത്തിനപ്പുറത്ത് മറ്റൊരു പരിശോധന കൂടി കണ്ടതോടെ വണ്ടി തിരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പിറകെ വന്ന എസ്‌ഐയുടെ ജീപ്പ് തടഞ്ഞു. തുടര്‍ന്ന്് പൊലീസില്‍ നിന്ന്് രക്ഷപ്പെടാന്‍ ഇവര്‍ പാലത്തില്‍ നിന്നും അടുത്തുള്ള തീരത്തിലൂടെ ഓടി പുഴയിലേക്ക് ചാടുകയായിരുന്നു. 

പൊലീസ് പിറകെ പോയെങ്കിലും ആദ്യം പിടികൂടാനായില്ല. തുടര്‍ന്ന് വിവരമറിയച്ചതിനെ തുടര്‍ന്ന് കരയില്‍ കാത്ത് നിന്ന നാട്ടുകാരും മറ്റ് പൊലീസുകാരും ചേര്‍ന്ന് നിഷ്പ്രയാസം  നീന്തിക്കയറിയ ഇവരില്‍ ഒരാളെ ആദ്യം വലയിലാക്കി. മറ്റെയാള്‍ കരയിലുള്ള അതിഥി തൊഴിലാളി താമസിക്കുന്ന സ്ഥലത്തെത്തി നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി അവിടെ പുറത്തിട്ടിരുന്ന ഒരാളുടെ വസ്ത്രം ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുറച്ച്  സമയത്തിനകം തന്നെ രണ്ടാമനേയും പൊലീസ് പിടികൂടുകയായിരുന്നു. 

ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചതാണെന്നും ഒരു കൂട്ടാളി കൂടി ഉണ്ടെന്നും മനസ്സിലാക്കിയത്. ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാളേയും  പൊലീസ് പിടികൂടി. നിലവില്‍ ഒരു പള്‍സര്‍ ബൈക്കും, സ്‌കൂട്ടറും ഉള്‍പ്പെടെ രണ്ടു വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com