സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ്; 14 പേർ രോ​ഗമുക്തർ; പുതുതായി നാലു ഹോട്ട് സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ്; 14 പേർ രോ​ഗമുക്തർ; പുതുതായി നാലു ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അ്‌റിയിച്ചു. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 14 പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള നാലു പേരുടേയും കൊല്ലം ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടേയും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 383 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 111 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,711 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 25,973 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 25,135 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1508 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 897 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ നാലു ഫലങ്ങളാണ് കഴിഞ്ഞദിവസംവരെ പ്രഖ്യാപിച്ചത്. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

പുതുതായി നാലുഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ചില ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 70 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com