കുത്തൊഴുക്കുളള പുഴയിലേക്ക് ചാടി, പാലത്തിന്റെ തൂണില്‍ ഇടിച്ചുനിന്നു, അനുനയിപ്പിക്കാന്‍ മറ്റൊരു 'പോത്ത്'; കരയില്‍ എത്തിച്ചത് ഇങ്ങനെ

കുമരകം താഴത്തങ്ങാടി ഭാഗത്തു നിന്നു വിരണ്ടോടി മീനച്ചിലാറ്റില്‍ ചാടിയ പോത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കരയ്ക്കു കയറ്റി
കുത്തൊഴുക്കുളള പുഴയിലേക്ക് ചാടി, പാലത്തിന്റെ തൂണില്‍ ഇടിച്ചുനിന്നു, അനുനയിപ്പിക്കാന്‍ മറ്റൊരു 'പോത്ത്'; കരയില്‍ എത്തിച്ചത് ഇങ്ങനെ

കോട്ടയം: കുമരകം താഴത്തങ്ങാടി ഭാഗത്തു നിന്നു വിരണ്ടോടി മീനച്ചിലാറ്റില്‍ ചാടിയ പോത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കരയ്ക്കു കയറ്റി. മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി ഇല്ലിക്കല്‍ പാലത്തിന്റെ തൂണുകളുടെ വശത്തെ നിരപ്പുള്ള ഭാഗത്തു കയറി നിന്ന ശേഷം കരയിലേക്ക് കയറി. തുടര്‍ന്ന് ആള്‍്ക്കൂട്ടത്തെ കണ്ടതോടെ വീണ്ടും ആറ്റിലേക്കു ചാടുകയും ചെയ്തു. ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മറ്റൊരു പോത്തിനെ കൊണ്ടുവന്ന് അനുനയിപ്പിച്ചാണു കരയ്ക്കു കയറ്റിയത്. 

ഇന്നലെ രാവിലെ ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. കശാപ്പിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിക്കുന്നതിനിടെ ഓടുകയായിരുന്നു. 
താഴത്തങ്ങാടി ഭാഗത്തു നിന്ന് ഓടിയ പോത്ത് എട്ടേമുക്കാലിനാണു കുമരകം റോഡിന്റെ ഇല്ലിക്കല്‍ വളവ് ഭാഗത്ത് ആറ്റിലേക്കു ചാടിയത്. നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. പോത്ത് ഒഴുകിപ്പോകുന്നതു കാണാമായിരുന്നെങ്കിലും കുത്തൊഴുക്കുള്ള ആറ്റിലേക്കു ചാടി രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

ഒഴുകിപ്പോകുന്നതിനിടെ പോത്ത് ഇല്ലിക്കല്‍ പാലത്തിന്റെ തൂണുകളുടെ ഭാഗത്ത് ഇടിച്ചു. തുടര്‍ന്നു പോത്ത് തൂണുകളുടെ വശത്തെ നിരപ്പു ഭാഗത്തു കയറി നിന്നു. ഈ സമയം അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. ഇതിനിടെ പോത്ത് ഇല്ലിക്കല്‍ പാലത്തിനു സമീപം കരയിലേക്കു കയറി. 

ആള്‍ക്കൂട്ടം കണ്ടതോടെ പോത്ത് വീണ്ടും ആറ്റിലേക്കു ചാടി. പോത്ത് കരയ്ക്കു കയറിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതിനാല്‍ എങ്ങനെയും അനുനയിപ്പിക്കാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി മറ്റൊരു പോത്തിനെ കൊണ്ടുവന്നു. ഇതിനെ  കണ്ടതോടെ ആറ്റില്‍ ചാടിയ പോത്ത് ശാന്തനാകാന്‍ തുടങ്ങി. തുടര്‍ന്നു പോത്ത് കരയ്ക്കു കയറാനുള്ള ശ്രമമായി. കരയ്ക്കു കയറി പോത്ത് വീണ്ടും ഓടാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കയര്‍ കഴുത്തില്‍ ചുറ്റി. തുടര്‍ന്നു നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com