34 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നു; തിരുവനന്തപുരത്ത് മാത്രം 13 ലാര്‍ജ് ക്ലസ്റ്ററുകള്‍

32 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്
34 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നു; തിരുവനന്തപുരത്ത് മാത്രം 13 ലാര്‍ജ് ക്ലസ്റ്ററുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയുള്ളത് 174 കോവിഡ് ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 32 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. 34 ക്ലസ്റ്ററുകളില്‍ ഇപ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. 57 ഇടത്ത് വ്യാപനതോത് കുറയുന്നുണ്ട്. 51 ഇടത്ത് തല്‍സ്ഥിതി തന്നെ കുറേ ദിവസമായി തുടരുകയാണ്. കോവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.- അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ലയില്‍ ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശ്ശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് എന്നിങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. 

ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നു വന്നത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നുവെന്നതിന്റെ സൂചനയാണിത്. 

എറണാകുളം ജില്ലയില്‍ ആലുവ, പശ്ചിമ കൊച്ചി മേഖലകളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നു. ആലുവ ക്ലസ്റ്ററില്‍ ചൂര്‍ണിക്കര, എടത്തല, പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ രോഗ വ്യാപനം ശക്തമായി തുടരുന്നത്. നെല്ലിക്കുഴി, കോട്ടപ്പടി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കവ്യാപനം ഉണ്ടായത് 78 പേര്‍ക്കാണ്.

പശ്ചിമ കൊച്ചി മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളും ട്രക്കുകളും മാത്രമേ അനുവദിക്കു. തൃക്കാക്കര കരുണാലയം ആക്റ്റീവ് ക്ലസ്റ്റര്‍ ആയി തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണം ഇല്ലാത്തവരെ കരുണാലയത്തില്‍ തയ്യാറാക്കിയ എഫ്എല്‍ടിസിയിലും രോഗലക്ഷണമുള്ളവരെ കളമശേരി മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ മഠങ്ങളിലും വൃദ്ധ സദനങ്ങളിലും ഉള്ള രോഗവ്യാപനത്തെ ഗുരുതരമായാണ് കാണുന്നത്.-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com