ആലപ്പുഴയില്‍ ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്ന് 

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ആലപ്പുഴയില്‍ ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്ന് 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളളയാണ് (74) മരിച്ചത്.

ക്യാന്‍സര്‍ ചികിത്സയിലിരിക്കേയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തെ കാണാന്‍ വന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ നാല് ബന്ധുക്കള്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ചികിത്സയിലാണ്. 

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാറും കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയുമാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റു രണ്ടുപേര്‍. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു വിനോദ് കുമാര്‍ മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

ഇതിനിടെ അദ്ദേഹം കോവിഡ് ബാധിതനുമാണെന്ന് കണ്ടെത്തി. പരിയാരത്ത് ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് വിനോദ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി ഉയര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നു രാവിലെയാണ് മരക്കാര്‍ കുട്ടി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com