ഒന്നിനു പിറകെ മറ്റൊന്നായി ന്യൂനമര്‍ദ്ദങ്ങള്‍; വരാനിരിക്കുന്നത് അതിശക്തമായ മഴ;  മുന്നറിയിപ്പുമായി തമിഴ്‌നാട് വെതര്‍മാന്‍

ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും വളരെ അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്
ഒന്നിനു പിറകെ മറ്റൊന്നായി ന്യൂനമര്‍ദ്ദങ്ങള്‍; വരാനിരിക്കുന്നത് അതിശക്തമായ മഴ;  മുന്നറിയിപ്പുമായി തമിഴ്‌നാട് വെതര്‍മാന്‍

ചെന്നൈ : അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. വരും ദിവസങ്ങളില്‍ കേരളം, വാല്‍പാറ, നീലഗിരി, കുടക് ബെല്‍റ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് പകുതി വരെ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ പെയ്യും. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ടുവരെ അതിശക്തമായ മഴയുണ്ടാകുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

2018,2019 വർഷങ്ങളുടെ ആദ്യപകുതിയിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയാണ് ലഭിച്ചത്. പല പ്രദേശത്തും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും വളരെ അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.  

ഓഗസ്റ്റ്  ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് സൂചന.  ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്നാട്ടിലും മഴ ശക്തിപ്പെടുക. കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകൾ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇതു കാരണമായേക്കുമെന്നും തമിഴ്നാട് വെതർമാൻ പ്രദീപ് ജോൺ മുന്നറിയിപ്പ് നൽകി. 

ഓഗസ്റ്റ് മൂന്ന് മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ  ജാഗ്രത വേണം. അതിൽ തന്നെ ഓഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും. കബനി നദിയും നിറഞ്ഞൊഴുകും. മേടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം വർഷവും വലിയ തോതിൽ ജലം ഒഴുകി വിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തമിഴ്നാട് വെതർമാൻ വ്യക്തമാക്കി. 

കേരളത്തില്‍ ലഭിക്കുന്ന ഈ കനത്ത മഴ എല്ലാ അണക്കെട്ടുകളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. 2019 ലേതിന് സമാനമായി പശ്ചിമഘട്ട മേഖലകളായ ഇടുക്കി, വയനാട് , കുടക്, ചിക്കമംഗ്ലൂര്‍, മലപ്പുറം, തൃശ്ശൂര്‍, വാല്‍പ്പാറ, നീലഗിരി എന്നിവിടങ്ങളിലെല്ലാം ഇത്തവണയും കനത്ത മഴയുണ്ടാകും.

ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, പൊന്‍മുടി, മലപ്പുറത്തെ നിലമ്പൂര്‍, കോഴിക്കോട് കുറ്റിയാടി, കക്കയം, വയനാട്ടെ തരിയോട്, വൈത്തിരി , പടിഞ്ഞാറത്തറ, തൃശ്ശൂരിലെ പെരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ കക്കി എറണാകുളം ജില്ലയിലെ നേര്യമംഗലം, പിറവം എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തമിഴ്‌നാട് വെതര്‍മാന്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com