കണ്ടെയ്ന്‍മെന്റ് സോണ്‍ ഇനി പൊലീസിന് കീഴില്‍; അകത്തേക്കും പുറത്തേക്കും പ്രവേശനമില്ല, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
കണ്ടെയ്ന്‍മെന്റ് സോണ്‍ ഇനി പൊലീസിന് കീഴില്‍; അകത്തേക്കും പുറത്തേക്കും പ്രവേശനമില്ല, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാന്‍ ഉള്‍പ്പെടെ പൊലീസിന് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവികള്‍ ഇതിന് മുന്‍കൈയെടുക്കണം. ക്വാറന്റൈന്‍ നിരീക്ഷണത്തിലും പൊലീസിന് പൂര്‍ണ ചുമതല നല്‍കി. ക്വാറന്റൈന്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നത് കണ്ടാല്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങള്‍ അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. 

കോണ്‍ടാക്ട് ട്രെയിസിങും പൊലീസിനെ ഏല്‍പ്പിച്ചു. പ്രൈമറി, സെക്കന്ററി കോണ്‍ടാക്ട് കണ്ടെത്താന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കും. പോസിറ്റീവ് സമ്പര്‍ക്കപട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് തയ്യാറാക്കുന്നത്. വ്യാപനം പരിഗണിച്ച് പൊലീസിന് ചുമതല നല്‍കും. 24 മണിക്കൂറിനകം കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കണ്ടെയ്ന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കല്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും. ആശുപത്രികള്‍, മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണവീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസര്‍ ആയി എറണാകുളം ജില്ലാ സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയെ നിയോഗിച്ചു. 

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിക്ക് മാറ്റം വരുത്തി. രോഗം വന്നവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലയാക്കും. വാര്‍ഡ് എന്നതിന് പകരം, ആ പ്രദേശമായിരിക്കും സോണ്‍. കോണ്ടാക്ട് ട്രെയിസിങ് നടത്തി കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ സോണ്‍ പ്രഖ്യാപിക്കും.ഇവിടെ അകത്തേക്കും പുറത്തേക്കും പോകാന്‍ സാധിക്കില്ല. പ്രദേശത്തെ പ്രധാന കട കേന്ദ്രീകരിച്ച് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യും. പൊലീസും വോളന്റിയര്‍മാരും സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com