മത്തായിയുടെ കസ്റ്റഡി മരണം : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ; രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ രാജേഷ് കുമാര്‍, ഫോറസ്റ്റ് ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്
മത്തായിയുടെ കസ്റ്റഡി മരണം : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ; രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറില്‍ മത്തായിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട്  രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ രാജേഷ് കുമാര്‍, ഫോറസ്റ്റ് ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇവരാണ് മത്തായിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും, മരണത്തിന് ഉത്തരവാദി ഇവരാണെന്നും മത്തായിയുടെ കുടുംബം ആരോപിച്ചിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ചട്ടം ലംഘിച്ചു. ഓഫീസ് ജിഡിയില്‍ തിരിമറി നടത്തി തുടങ്ങിയവ വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ഏട്ട് വനംവകുപ്പ് ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇവരിപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്.

കുടപ്പനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.  ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ പേരില്‍ പിറ്റേന്ന് ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറെ ചെരുവില്‍ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നെന്ന് സഹോദരന്‍ ആരോപിച്ചു. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com