മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ, ഈ മാസം 10 വരെ നിയന്ത്രണം 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വയനാട്ടിലെ മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ:  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വയനാട്ടിലെ മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണി മുതല്‍ ഈ മാസം 10 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ജില്ലയിലെ ഏക കോവിഡ് ലാര്‍ജ് ക്ലസ്റ്ററായ വാളാട് രോഗബാധിതരെ കണ്ടെത്താന്‍ കഴിഞ്ഞദിവസം 380 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനമുണ്ടായ വാളാട് പ്രദേശത്തെ കൂടംകുന്നിലെ 2 കുടുംബങ്ങളിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവരിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇതിനകം 250 കവിഞ്ഞു. വാളാടും പരിസരങ്ങളിലുമായി ഇതുവരെ 2066 പേരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 238 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. 

കോവിഡ് സെന്ററുകളിലും കോവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രിയിലുമായി ഒട്ടേറെപ്പേരാണ് ചികിത്സയില്‍ കഴിയുന്നത്. ട്രിപ്പിള്‍ ലോക് ഡൗണിലായ തവിഞ്ഞാലില്‍ ഉള്ളവര്‍ക്ക് പുറമേ എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ ഉള്ളവരും മാനന്തവാടി നഗരസഭയിലുള്ളവരും വാളാട് നടന്ന മരണാനന്തര-വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് സ്ഥലങ്ങളില്‍ ഉള്ളവരെയും നിരീക്ഷിച്ചു വരികയാണ്. 

വയനാട് ജില്ലയില്‍ ഇന്നലെ 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com