28 വര്‍ഷം, കര്‍സേവകനായി പോയ ഭര്‍ത്താവ് ഇനിയും തിരിച്ചെത്തിയില്ല; ആ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് പൊന്നമ്മ

ബാബരി മസ്ജിദ് പൊളിക്കല്‍ ഞങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സന്തോഷവുമാണ് ഇല്ലാതാക്കിയത്
പൊന്നമ്മ മകനോടൊപ്പം (ഇന്‍സെറ്റില്‍ ശിവരാമ കാരണവര്‍)
പൊന്നമ്മ മകനോടൊപ്പം (ഇന്‍സെറ്റില്‍ ശിവരാമ കാരണവര്‍)

ആലപ്പുഴ: ഒരുപാടു കാലത്തെ ഒരുക്കത്തിനൊടുവില്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജയ്ക്കു കളമൊരുങ്ങുമ്പോഴും പൊന്നമ്മയുടെ കാത്തിരിപ്പിന് അറുതിയാവുന്നില്ല. ഇരുപത്തിയെട്ടു കൊല്ലം മുമ്പ് ബാബരി മസ്ജിദ് പൊളിക്കുന്നതിനുള്ള കര്‍സേവകനായി പോയതാണ് പൊന്നമ്മയുടെ ഭര്‍ത്താവ് ശിവരാമ കാരണവര്‍. ഒരുവാക്കു പോലും പറയാതെ തന്നെയും മക്കളെയും ഇട്ട് അയോധ്യയിലേക്കു പോയ കാരണവര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.

1992 ഡിസംബര്‍ ആറിനാണ്, രാജ്യത്തു പലിയിടത്തുനിന്നായി അയോധ്യയില്‍ ഒത്തുചേര്‍ന്ന കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ത്തത്. ഒതിനും ഒരു മാസം മുമ്പ് അയോധ്യയിലേക്കു വണ്ടി കയറിയതാണ് ശിവരാമ കാരണവര്‍. ഹരിപ്പാട് ടെയ്‌ലറിങ് കട നടത്തിയിരുന്ന കാരണവര്‍ ഭാര്യയോടോ വീട്ടിലെ മറ്റ് ആരോടെങ്കിലുമോ പറയാതെയാണ് അയോധ്യയിലേക്കു പോയത്.

''അദ്ദേഹത്തെ കാണാതായപ്പോള്‍ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തു ട്രെയിന്‍ കയറി പോയെന്ന് അറിഞ്ഞത്. ഒരു സംഘം കര്‍സേവകര്‍ക്കൊപ്പമാണ് പോയത്. കൂട്ടുകാരില്‍ ചിലരും ഒപ്പം പോവാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം അവര്‍ പിന്‍മാറി. ആകെയുണ്ടായിരുന്ന തയ്യല്‍ മെഷീന്‍ വിറ്റാണ് അദ്ദേഹം യാത്രയ്ക്കുള്ള പണം സ്വരൂപിച്ചതെന്നു പിന്നീടു മനസ്സിലായി. അക്കുറി കൃഷിയിറക്കാന്‍ വച്ചിരുന്ന പണമായിരുന്നു അത്'' - എണ്‍പത്തിരണ്ടുകാരിയായ പൊന്നമ്മ പറയുന്നു.

''അദ്ദേഹം വരുമെന്നു തന്നെയായിരുന്നു ആദ്യമെല്ലാം പ്രതീക്ഷ. ഓരോ ദിവസം കഴിയുംതോറും അതു മങ്ങിവന്നു. പോവുമ്പോള്‍ അദ്ദേഹത്തിന് 60 വയസു പ്രായമുണ്ട്. ഇനി അദ്ദേഹത്തെ കാണാനാവുമോയെന്ന അറിയില്ല''- പൊന്നമ്മ പറഞ്ഞു.

ഇളയ മകന്‍ രവീന്ദ്രനാഥ കാരണവര്‍ക്കൊപ്പമാണ് പൊന്നമ്മ കഴിയുന്നത്. അച്ഛന്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നെന്ന് രവീന്ദ്രനാഥ കാരണവര്‍ പറഞ്ഞു. അയോധ്യയില്‍ കര്‍സേവനായി പോവുന്ന കാര്യം അച്ഛന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം സംസാരിച്ചിരുന്നതായി പിന്നീട് അറിഞ്ഞു. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അച്ഛന്‍ ഉറച്ചുതന്നെയായിരുന്നു. അമ്മയെയും ഞങ്ങള്‍ അഞ്ചു മക്കളെയും ഇട്ടാണ് അച്ഛന്‍ പോയത്- മകന്‍ പറഞ്ഞു.

അച്ഛനൊപ്പം പോയ കര്‍സേവകരെല്ലാം തിരിച്ചുവന്നു. അച്ഛന്‍ വരാതായപ്പോള്‍ കാണാനില്ലെന്നു കാണിച്ച് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. സ്വന്തം നിലയ്ക്കും പലയിടത്തും അന്വേഷണം നടത്തി, ഫലമുണ്ടായില്ല- രവീന്ദ്രനാഥന്‍ പറഞ്ഞു.

ശിവരാമ കാരണവര്‍ പോയതിനു ശേഷം ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ പ്രയാസപ്പെട്ടെന്ന് പൊന്നമ്മ പറയുന്നു. കുടുംബ സ്വത്ത് വിറ്റാണ് മക്കളെ വളര്‍ത്തിയത്. അയോധ്യയിലെ ഭൂമിപൂജ പരിപാവനമായ ചടങ്ങാണ്. എന്നാല്‍ അന്നത്തെ ബാബരി മസ്ജിദ് പൊളിക്കല്‍ ഞങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സന്തോഷവുമാണ് ഇല്ലാതാക്കിയത്- പൊന്നമ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com