കൊറോണയ്ക്ക് ലാത്തിയല്ല വാക്‌സിന്‍, മുഖ്യമന്ത്രി ആരോഗ്യമേഖലയെ അപമാനിച്ചു ; തീരുമാനത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബിജെപി

കുപ്രസിദ്ധി ആര്‍ജ്ജിച്ച പൊലീസ് ഉദ്യാഗസ്ഥനെയാണ് കോവിഡ് പ്രതിരോധത്തിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചത് 
കൊറോണയ്ക്ക് ലാത്തിയല്ല വാക്‌സിന്‍, മുഖ്യമന്ത്രി ആരോഗ്യമേഖലയെ അപമാനിച്ചു ; തീരുമാനത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബിജെപി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണ് എന്നതിന്റെ ഉദാഹരണമാണ് കോവിഡ് പ്രതിരോധത്തിന് പൊലീസിനെ ചുമതല ഏര്‍പ്പിച്ച നടപടിയെന്ന് ബിജെപി. കൊറോണയ്ക്ക് പ്രതിരോധം ലാത്തിയല്ല. പ്രതിരോധ ചുമതല പൊലീസിന് നല്‍കിയതിലൂടെ കോവിഡ് പ്രതിരോധം പാളിയെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

കോവിഡിനെതിരെ ലോകത്ത് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുകയാണ്. ലാത്തി വാക്‌സിന്‍ ഉപയോഗിച്ച് കൊറോണയെ പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ദുരൂഹതയുണ്ട്. പൊതുസമൂഹത്തെ അടിച്ചമര്‍ത്തുക എന്നതാണ് ഇതിന് പിന്നില്‍. ഇത് കോവിഡിനെതിരായ പ്രതിരോധമല്ല, ജനങ്ങള്‍ക്കെതിരായ പ്രതിരോധമാണ്. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

കോവിഡിനെതിരായ പ്രതിരോധമാണ് ലക്ഷ്യമിട്ടതെങ്കില്‍ ആരോഗ്യമേഖലയെ, റവന്യൂ വകുപ്പിനെ ഒരുമിച്ചുനിര്‍ത്തിക്കൊണ്ടാണ് നടപ്പാക്കേണ്ടത്. ഫലത്തില്‍ മുഖ്യമന്ത്രി ആരോഗ്യമേഖലയെ അപമാനിക്കുകയാണ് ചെയ്തത്. കുപ്രസിദ്ധി ആര്‍ജ്ജിച്ച പൊലീസ് ഉദ്യാഗസ്ഥനെയാണ് കോവിഡ് പ്രതിരോധത്തിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചത് എന്നതിന് പിന്നിലും ദുരൂഹത വ്യക്തമാണ്. 

ഭയമാണ് പിണറായിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്. ഭയമുള്ള ഭരണാധികാരികളാണ് പൊലീസിനെയും ലാത്തിയെയും അവരുടെ ആയുധമാക്കുന്നത്. ഒരു മുഖ്യമന്ത്രിക്ക് വേണ്ടത് സിവില്‍ മൈന്‍ഡാണ്. എന്നാല്‍ പിണറായിയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മനസ്സാണ്. ഇഎംഎസിനും നായനാര്‍ക്കും അച്യുതാനന്ദനും സിവില്‍ മൈന്‍ഡ് ഉണ്ടായിരുന്നു. 

ക്രിമിനല്‍ മൈന്‍ഡുള്ള പിണറായി വിജയന്‍ കൊറോണയിലും പരാജയപ്പെട്ടു, ഓഖിയിലും പ്രളയത്തിലും പരാജയപ്പെട്ടു, മാത്രമല്ല, സ്വന്തം ഓഫീസ് നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു സര്‍വത്ര പരാജയമായ പിണറായി, പൊലീസ് രാജിനെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വര്‍ണക്കടത്തില്‍ പൊള്ളും എന്നതുകൊണ്ടാണ് പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും അഡ്വ. ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com