പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയാകും, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും; ഹോമിയോ മരുന്ന് മിഥ്യയായ സുരക്ഷാ ബോധം സൃഷ്ടിക്കും: എതിര്‍പ്പുമായി ഐഎംഎ

രൂക്ഷമായി തുടരുന്ന സമ്പര്‍ക്ക വ്യാപനം തടയുന്നതിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎംഎ
പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയാകും, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും; ഹോമിയോ മരുന്ന് മിഥ്യയായ സുരക്ഷാ ബോധം സൃഷ്ടിക്കും: എതിര്‍പ്പുമായി ഐഎംഎ

തിരുവനന്തപുരം: രൂക്ഷമായി തുടരുന്ന സമ്പര്‍ക്ക വ്യാപനം തടയുന്നതിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം.കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുളളവരുടെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിച്ച നടപടി തിരിച്ചടിയാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിങ് പോലുളള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ വ്യക്തമാക്കി.

ഇന്നലെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന് അധിക ചുമതല നല്‍കിയത്. കോണ്‍ടാക്ട് ട്രേസിങ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയം എന്നിങ്ങനെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതലയാണ് പൊലീസിന് കൈമാറിയത്. ഇതുവരെ ആരോഗ്യപ്രവര്‍ത്തകരാണ് ഇത് ചെയ്തുവന്നിരുന്നത്. ഇതിനെ സഹായിക്കുന്ന ജോലിയാണ് പൊലീസ് നിര്‍വഹിച്ച് വന്നിരുന്നത്. എന്നാല്‍ പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന് ഐഎംഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

സമ്പര്‍ക്കപ്പട്ടികയിലുളളവരുടെ മേല്‍നോട്ടം ആരോഗ്യപ്രവര്‍ത്തകരാണ് നിര്‍വഹിച്ചുവന്നിരുന്നത്. പൊലീസ് അത് ചെയ്യേണ്ട കാര്യമില്ല. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിങ് പോലുളള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതാണ് അഭികാമ്യം. ആയുഷ് വകുപ്പിന്റെ നിര്‍ദേശപ്രകാരം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഹോമിയോ മരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്നത്. ഇത് അശാസ്ത്രീയമാണ്. ഇത് ജനങ്ങളുടെ ഇടയില്‍ മിഥ്യാധാരണ സൃഷ്ടിക്കാന്‍ ഇടയാക്കും. കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും ഫലം ഉടന്‍ തന്നെ അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തിരിച്ചടി ഉണ്ടാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com