മഹത്തായ ചരിത്ര മുഹൂര്‍ത്തം; രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി (വീഡിയോ)

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമി പൂജയ്ക്ക് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി
മഹത്തായ ചരിത്ര മുഹൂര്‍ത്തം; രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി (വീഡിയോ)

കൊല്ലം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമി പൂജയ്ക്ക് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി. മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇതെന്ന് മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇന്ന്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ മറ്റൊരു വിഭാഗത്തിന്റെ പരാജയമോ അല്ല. മറിച്ച് പരസ്പര സ്‌നേഹത്തിന്റെയും ക്ഷമയുടെയും വിശാല മനോഭാവത്തിന്റെയും വിജയമാണ്. ഈ ക്ഷമയും പരസ്പര സ്‌നേഹവും വിശാല മനോഭാവവും എല്ലാവരിലും നിലനില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ'-  മാതാ അമൃതാനന്ദമയി പറഞ്ഞു.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്  വെള്ളിയില്‍ തീര്‍ത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുക. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കുക.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് ഉണ്ടാകുക. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.

40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.

രാവിലെ പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദര്‍ശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയില്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com