തട്ടിയെടുത്ത പണം കൊണ്ട് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി, സഹോദരിക്ക് ഭൂമിയും ; ബാക്കി കൊണ്ട് റമ്മി കളിച്ചു ;  ബിജുലാലിന്റെ മൊഴി പുറത്ത്

തട്ടിയെടുത്ത പണം കൊണ്ട് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി, സഹോദരിക്ക് ഭൂമിയും ; ബാക്കി കൊണ്ട് റമ്മി കളിച്ചു ;  ബിജുലാലിന്റെ മൊഴി പുറത്ത്

ആദ്യം തട്ടിയെടുത്ത പണം സഹോദരിയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി

തിരുവനന്തപുരം: ട്രഷറിയില്‍ നിന്നും കൂടുതല്‍ പണം തട്ടിയതായി ട്രഷറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു ലാല്‍ പൊലീസിനോട് സമ്മതിച്ചു. രണ്ടു കോടി രൂപ തട്ടിയെടുക്കുന്നതിന് മുമ്പ് 74 ലക്ഷം രൂപ ഇപ്രകാരം തട്ടിയെടുത്തിരുന്നു. മുന്‍ ട്രഷറി ഓഫീസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയത്. തട്ടിയെടുത്ത പണം ഭൂമിയും സ്വര്‍ണവും വാങ്ങിയും ബാക്കി ചീട്ടുകളിക്കാനും ഉപയോഗിച്ചുവെന്നും ബിജുലാല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. 

ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരേ വീട്ടില്‍ പോയപ്പോഴാണ് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ പാസ്‌വേഡ് പറഞ്ഞ് തന്നത്. മാര്‍ച്ച് മാസത്തിലായിരുന്നു ഇത്. ട്രഷറി ഓഫീസര്‍  അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചു. ആദ്യം 74 ലക്ഷവും പിന്നീട് രണ്ടു കോടിയും പിന്‍വലിച്ചു. 

ആദ്യം തട്ടിയെടുത്ത പണം സഹോദരിയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി. ഈ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കി. ഭാര്യക്ക് സ്വര്‍ണ്ണവും വാങ്ങിയതിന് ശേഷം ബാക്കി പണം റമ്മി കളിക്കാന്‍ ഉപയോഗിച്ചുവെന്നും ബിജുലാല്‍ മൊഴി നല്‍കി. ബിജു ലാലിനെയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം വഞ്ചിയൂര്‍ ട്രഷറിയിലെത്തി തെളിവെടുത്തു. 

നാലു ദിവസത്തെ ഒളിച്ചു കളിയ്ക്കു ശേഷം ഇന്നുരാവിലെയാണ് ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താന്‍ കുറ്റമൊന്നും നടത്തിയിട്ടില്ലെന്നും, ചൂതാട്ടത്തിലൂടെ നേടിയ പണമാണ് പിന്‍വലിച്ചതെന്നുമായിരുന്നു രാവിലെ ബിജുലാല്‍ പറഞ്ഞത്. 

തന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയാതാകാമെന്നും ബിജു ലാല്‍ അവകാശപ്പെട്ടു. അതിനിടെ പാസ് വേഡ് താനാണ് നല്‍കിയതെന്ന മൊഴി ട്രഷറി ഓഫീസര്‍ നിഷേധിച്ചു. പാസ്‌വേര്‍ഡ് താന്‍ ബിജുവിന് നല്‍കിയിട്ടില്ലെന്നും, കമ്പ്യൂട്ടര്‍ ഓഫാക്കണമെങ്കില്‍ ചുമതലപ്പെടുത്തുക അഡ്മിനിസ്‌ട്രേറ്ററെയാണെന്നും മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്‌കരന്‍ വിശദീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com