മുഖ്യമന്ത്രിയുമായും സ്വപ്‌നയ്ക്ക് പരിചയം ; ഓഫീസിലും സ്വാധീനം ; സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സമീപിച്ചു ; നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎ

സ്വപ്‌ന അറിയാതെ കോണ്‍സുല്‍ ജനറലിന്റെ ഒരു പ്രവൃത്തിയും നടന്നിരുന്നില്ല
മുഖ്യമന്ത്രിയുമായും സ്വപ്‌നയ്ക്ക് പരിചയം ; ഓഫീസിലും സ്വാധീനം ; സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സമീപിച്ചു ; നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎ

കൊച്ചി :  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍ഐഎ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫിസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കറാണ്എന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. 

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ എല്ലാമെല്ലാം സ്വപ്നയായിരുന്നു. ശിവശങ്കറില്‍ നിന്നും സ്വപ്ന ഉപദേശം സ്വീകരിച്ചിരുന്നുവെന്നും എന്‍ഐഎ കോടതിയെ ബോധിപ്പിച്ചു.  ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോണ്‍സുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നല്‍കുന്നതിന് ഇടപെടാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ശിവശങ്കര്‍ അഭ്യുദയകാംക്ഷിയാണെന്നാണ് സ്വപ്‌ന അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്‌ന സുരേഷിന് അണ്‍ ഒഫീഷ്യല്‍ ബന്ധം ഉണ്ട്. മാത്രമല്ല, സ്വപ്‌ന അറിയാതെ കോണ്‍സുല്‍ ജനറലിന്റെ ഒരു പ്രവൃത്തിയും നടന്നിരുന്നില്ല. കോണ്‍സുലേറ്റില്‍ നിന്നും രാജിവെച്ച ശേഷവും സ്വപ്‌നയ്ക്ക് പ്രതിമാസം ആയിരം ഡോളര്‍ വീതം പ്രതിഫലം നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് ഇടപാടില്‍ പങ്കെടുത്തവര്‍ക്ക് ഓരോരുത്തര്‍ക്കും 50,000 രൂപ വീതം ഓരോ ഇടപാടിനും ലഭിച്ചിരുന്നു എന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. 

കേരളത്തിന് പുറമെ വിദേശത്തും സ്വപ്‌നയ്ക്ക് വ്യക്തമായ സ്വാധീനമുണ്ട്. സ്വര്‍ണം എത്തിച്ചിരുന്നത് ആഫ്രിക്കയിലെ കള്ളക്കടത്തുകാരില്‍ നിന്നാണെന്ന് സംശയമുണ്ടെന്നും അന്വേഷണസംഘം സൂചിപ്പിച്ചു. കേസിലെ പ്രതിയായ റമീസ് അടുത്തിടെ ടാന്‍സാനിയയില്‍ പോയത് കള്ളക്കടത്തുമായി ബന്ധപ്പെട്ടാണോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാള്‍ ഇറക്കുമതി ചെയ്തിട്ടുമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമോ എന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com