'സമാന്തര സംഘത്തിന്' കടിഞ്ഞാണ്‍: സെക്രട്ടേറിയറ്റ് നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍, പൊതുഭരണ വകുപ്പില്‍ മാറ്റം, പട്ടിക തയ്യാറാകുന്നു

സെക്രട്ടേറിയറ്റിലെ ഐഎഎസ് ഇതര ഉന്നതോദ്യോഗസ്ഥ തസ്തികകളില്‍ സിപിഎം നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഴിച്ചുപണി തുടങ്ങി.
'സമാന്തര സംഘത്തിന്' കടിഞ്ഞാണ്‍: സെക്രട്ടേറിയറ്റ് നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍, പൊതുഭരണ വകുപ്പില്‍ മാറ്റം, പട്ടിക തയ്യാറാകുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഐഎഎസ് ഇതര ഉന്നത ഉദ്യോഗസ്ഥ തസ്തികകളില്‍ സിപിഎം നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഴിച്ചുപണി തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ചില കേന്ദ്രങ്ങളുടെയും ഇടപെടലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. കൂടുതല്‍ മാറ്റങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകും. ജീവനക്കാരുടെ നിയമനങ്ങളുടെയും സ്ഥലംമാറ്റങ്ങളുടെയും കാര്യത്തില്‍ സുപ്രധാന തീരുമാനമെടുക്കുന്ന പൊതുഭരണ വകുപ്പിലാണ് ശ്രദ്ധേയമായ മാറ്റം. ഇവിടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന സി. അജയനെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റി. 

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സിപിഎം സംഘടന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് അനഭിമതനായി മാറിയ മുന്‍ ഭാരവാഹിയാണ് അജയന്‍. ഇദ്ദേഹത്തെ പ്രധാന തസ്തികയില്‍ നിയമിച്ചതില്‍ അസോസിയേഷനും പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മാറ്റാന്‍ തയ്യാറായിരുന്നില്ല. അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച അജയനെ പൊതുഭരണ വകുപ്പില്‍ത്തന്നെ നിലനിര്‍ത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ് മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ഇടപെട്ട് വിലക്കിയത്. പകരം പാര്‍ട്ടിക്കും അസോസിയേഷനും വിശ്വസ്ഥനായ സി വി പ്രകാശിനെയാണു നിയമിച്ചത്. ആഗസ്റ്റ് 5ന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മറ്റു നിരവധി പേര്‍ക്ക് മാറ്റവും സ്ഥാനക്കയറ്റവുമുണ്ട്. അവ സെക്രട്ടേറിയറ്റിലെ പതിവു മാറ്റങ്ങളുടെ ഭാഗമാണെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങളുടെ വലിയ പട്ടിക തയ്യാറാകുന്നുണ്ട്.

എം. ശിവശങ്കറിന്റെയും മറ്റു ചില ഉന്നതരുടെയും താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്കു വില കൊടുക്കാത്ത നിരവധി നിയമനങ്ങള്‍ നടന്നത് പുറത്തു വന്നിരുന്നു. ' മുഖ്യമന്ത്രിയുടെ ഓഫീസ് ആരെയൊക്കെയാണ് വിശ്വസിച്ചത്?' എന്ന പേരില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ ഇത്തരം നിയമനങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു. ഈ നിയമനങ്ങള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കി എന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയ പശ്ചാത്തലത്തിലാണ് അഴിച്ചു പണിക്കു തുടക്കമിട്ടത്.

പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എംപ്ലോയീസ് അസോസിയേഷനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒരു ഘട്ടത്തില്‍ ഉണ്ടായത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇടപെടലിന് അനുകൂല സാഹചര്യം ഇപ്പോഴാണ് ഉണ്ടായത്. ആ ഉന്നത ഉദ്യോഗസ്ഥന്‍ ഓഫീസിലെ പ്യൂണിനെക്കൊണ്ട് വീട്ടിലെ പാത്രങ്ങള്‍ കഴുകിച്ചതിന്റെ പേരില്‍ കുഴപ്പത്തിലാവുകയും ഒടുവില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ അപ്രധാന തസ്തികയിലേക്കു മാറ്റപ്പെടുകയും ചെയ്തിരുന്നു. എങ്കിലും  അദ്ദേഹം രൂപീകരിച്ച 'സമാന്തര സംഘ'ത്തിന്റെ സ്വാധീനം അവസാനിച്ചിരുന്നില്ല. അത് അവസാനിപ്പിക്കുക കൂടിയാണ് ഇപ്പോഴത്തെ ഇടപെടലിന്റെ ഉന്നം. 

സമാന്തര സംഘം രൂപീകരിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കുക മാത്രമല്ല അസോസിയേഷന് അനഭിമതനായ മുന്‍ ഭാരവാഹിയെ ഉന്നത തസ്തികയില്‍ നിയമിച്ചതും മലയാളം വാരിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുമുണി ഭരിക്കുമ്പോള്‍, ഇടതു സംഘടനയില്‍ നിന്നു പുറത്താക്കിയ ആള്‍ക്ക് ജീവനക്കാരുടെ നിയമനങ്ങളുടെയും സ്ഥലംമാറ്റങ്ങളുടെയും ചുമതലയുള്ള സുപ്രധാന തസ്തിക നല്‍കിയത് തെറ്റായ സന്ദേശമായി മാറി എന്നാണ് സിപിഎം വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു വിഭാഗത്തിന്റെ ആശീര്‍വാദം ഇത്തരം നിയമനങ്ങള്‍ക്കുണ്ടോ എന്നും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com