കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th August 2020 10:15 PM  |  

Last Updated: 07th August 2020 10:48 PM  |   A+A-   |  

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍  അമ്മയും കുഞ്ഞും അടക്കം 16 മരണം. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡി. കോളജിലെത്തിച്ച അമ്മയും കുഞ്ഞും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാള്‍ മരിച്ചു.  അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റും മരിച്ചു. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.  റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു.  174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നു

പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദുബായില്‍ നിന്നെത്തിയ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്. റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. വിമാനത്തില്‍നിന്ന് പുക ഉയരുന്നുണ്ട്. ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. വന്ദേ ഭാരത് മിഷന്റെ ഭാഗമായ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.  

അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മന്ത്രി എസി മൊയ്തീനോട് ഉടന്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.  അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു. ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും 2 ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും  രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്.  ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മരണങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം  രേഖപ്പെടുത്തി.