ഇന്ന് 'വില്ലന്‍' മഴ; കേരളം വിറങ്ങലിച്ച ദിനം; സാക്ഷിയായത് ഇരട്ട ദുരന്തത്തിന്

നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ കേരളം കണ്ണീര്‍ക്കടലായി
ഇന്ന് 'വില്ലന്‍' മഴ; കേരളം വിറങ്ങലിച്ച ദിനം; സാക്ഷിയായത് ഇരട്ട ദുരന്തത്തിന്

കോഴിക്കോട്:  നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ കേരളം 'കണ്ണീര്‍ക്കടലാ'യി. ഇന്നത്തെ ഇരട്ട ദുരന്തത്തില്‍ മരിച്ചത് ഇരുപതിലധികം ആളുകളാണ്. നിരവധി ആളുകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലാണ്. രാവിലെ ഇടുക്കി രാജമലയിലെ ദുരന്തവാര്‍ത്തയാണ് എത്തിയതെങ്കില്‍ രാത്രി കരിപ്പൂര്‍ വിമാനഅപകടവാര്‍ത്തയാണ് കേരളം കണ്ടത്. 

ശക്തമായ മഴയെ തുടര്‍ന്ന് റണ്‍വെ കാണാന്‍ കഴിയാതെ പോയതാണ് കരിപ്പൂര്‍ വിമാന അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇടതുവശത്തേക്ക് തെന്നിമാറിയ ശേഷം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ഏകദേശം 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് സൂചനകള്‍. ഇതുവരെ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റും നാല് യാത്രക്കാരുമാണ് മരിച്ചത്. ഇവരില്‍ കോഴിക്കോട്ടെ മെഡിക്കല്‍ കോളജില്‍ എത്തിച്ച അമ്മയും കുഞ്ഞും മരിച്ചതായാണ് വിവരം. വിമാനത്തില്‍ 10 കുഞ്ഞുങ്ങളും അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികളും ഉണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാല്‍ റണ്‍വേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത്. വിമാനം റണ്‍വേയ്ക്ക് പുറത്തേയ്ക്ക് വീണു രണ്ടായി പിളര്‍ന്നിട്ടുണ്ട്.

ആംബുലന്‍സുകളില്‍ മതിയാകാതെ എയര്‍പോര്‍ട്ട് ടാക്‌സികളും സ്വകാര്യ വാഹനങ്ങളുമാണ് ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ രംഗത്തിറങ്ങിയത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 

രാജമലയിലെ മണ്ണിടിച്ചിലില്‍ പെട്ട 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. 4 ലൈന്‍ ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലാണ്. 78 പേരാണ് ഇവയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉരുള്‍പൊട്ടലാണ് ദുരന്തം വിതച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com