ഉറക്കത്തിനിടെ ലയങ്ങള്‍ മണ്ണില്‍ പുതഞ്ഞു, നാലു ലയങ്ങള്‍ ഒലിച്ചുപോയി, ദുരന്തം പുറംലോകമറിഞ്ഞത് രാവിലെ മാത്രം ; അഞ്ചുമരണം, 70 ഓളം ജീവനുകള്‍ മണ്ണിനടിയില്‍

മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്‌
ഉറക്കത്തിനിടെ ലയങ്ങള്‍ മണ്ണില്‍ പുതഞ്ഞു, നാലു ലയങ്ങള്‍ ഒലിച്ചുപോയി, ദുരന്തം പുറംലോകമറിഞ്ഞത് രാവിലെ മാത്രം ; അഞ്ചുമരണം, 70 ഓളം ജീവനുകള്‍ മണ്ണിനടിയില്‍


മൂന്നാര്‍ : ഇടുക്കി മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചിലില്‍ അഞ്ചുമൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ നാലു പേരെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ദീപന്‍ (25), സരസ്വതി (52), സീതാലക്ഷ്മി (33). പളനിയമ്മ (50) തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്. രാജമലയിലെ കണ്ണന്‍ദേവന്റെ  പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ്  പുലര്‍ച്ചെ മണ്ണിടിഞ്ഞ് വീണത്.

മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്.  ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ അപകടം ആയതിനാല്‍ നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് പ്രാഥമിക നിഗമനം. നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.

തകർന്ന പെരിയവര പാലം
തകർന്ന പെരിയവര പാലം

രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉരുള്‍പൊട്ടലില്‍ പെരിയവര പാലം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. പാലം തകര്‍ന്നിരിക്കുന്നതിനാല്‍ ആളുകളെ ചുമന്നാണ് പുറത്തേക്ക് എത്തിക്കുന്നത്. തകര്‍ന്ന പെരിയവര പാലം നന്നാക്കിയിട്ടുണ്ട്. 

രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം തേടി വ്യോമ സേനയുമായി ബന്ധപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. പ്രദേശത്തേക്ക് എന്‍ ഡി ആര്‍ എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com