'പത്തരയോടെ വലിയ ശബ്ദം കേട്ടു, പിന്നെയൊന്നും അറിയില്ല, എല്ലാരും പോയി സാര്‍..' മണ്ണില്‍ പുതഞ്ഞ് 20 വീടുകള്‍, നടുക്കം മാറാതെ രക്ഷപ്പെട്ടവര്‍

രാജമലയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു
'പത്തരയോടെ വലിയ ശബ്ദം കേട്ടു, പിന്നെയൊന്നും അറിയില്ല, എല്ലാരും പോയി സാര്‍..' മണ്ണില്‍ പുതഞ്ഞ് 20 വീടുകള്‍, നടുക്കം മാറാതെ രക്ഷപ്പെട്ടവര്‍


മൂന്നാര്‍ : രാജമല പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെടുത്തിയ 10 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ പളനിയമ്മാളിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. 20  വീടുകള്‍ മണ്ണിനടിയില്‍ പുതഞ്ഞുപോയതായാണ് നിഗമനം. 

മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതിലെ താമസക്കാരായ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രാത്രി പത്തര പത്തേമുക്കാലോടെ വലിയ ശബ്ദത്തോടെ സ്പീഡില്‍ എന്തോ അടിക്കുന്ന പോലെ ഒരു ഒച്ച കേട്ടു. പിന്നെ ഒന്നും അറിയില്ല. ഇപ്പോ അമ്മ മാത്രമേ ഉള്ളൂ. ബാക്കി എല്ലാവരും മണ്ണിനടിയില്‍ പെട്ടു പോയി. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ദീപന്‍ പറയുന്നു. 

വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഉണ്ടായിരുന്നു. അമ്മ പളനിയമ്മാള്‍ ഒഴിച്ച് മറ്റാരെയും കുറിച്ച് അറിയില്ല. തൊട്ടടുത്ത വീട്ടില്‍ ചേട്ടനും ഭാര്യയും രണ്ടു കുട്ടികളും താമസിച്ചിരുന്നു. ഇവരെക്കുറിച്ചും അറിവില്ല. ഇവരുടെ വീടും മണ്ണിനടിയിലായി. കഴിഞ്ഞ പത്തുദിവസമായി കനത്ത മഴയാണ്. വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ട് പത്തു ദിവസം കഴിഞ്ഞതായും ദീപന്‍ പറഞ്ഞു. 

പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ കയര്‍ കെട്ടിയാണ് രാജമല ആശുപത്രിയില്‍ കൊണ്ടുവന്നത്. ഉരുള്‍ പൊട്ടലില്‍ മുപ്പതോളം വണ്ടികള്‍ പോയി. തോട്ടം തൊഴിലാളികളും രാജമലയില്‍ ജീപ്പ് ഓടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവരുമാണ് സെറ്റില്‍മെന്റില്‍ താമസിച്ചിരുന്നതെന്ന് ജീപ്പ് ഡ്രൈവറായ ദീപന്‍ പറഞ്ഞു. 

അതേസമയം രാജമലയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം അടക്കം പ്രദേശത്തേക്ക് തിരിച്ചു. ദുര്‍ഘടമായ വഴികള്‍ അവിടെ എത്തുന്നതിന് പ്രതിബന്ധമായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായും റവന്യൂമന്ത്രി പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com