മൂന്നാര്‍ രാജമലയില്‍ തൊഴിലാളി ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു ; നാലുമരണം ; നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി ( വീഡിയോ)

പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. 20 ഓളം വീടുകള്‍ മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ട്
മൂന്നാര്‍ രാജമലയില്‍ തൊഴിലാളി ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു ; നാലുമരണം ; നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി ( വീഡിയോ)

മൂന്നാര്‍: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. മണ്ണിനടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ ലഭിച്ചു. 70 ഓളം വീടുകളാണ് ഇവിടെയുള്ളത്. നാലു ലയങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. 

പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. 20 ഓളം വീടുകള്‍ മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ട്. 40 ഓളം പേര്‍ മണ്ണിനടിയിലായതാണ് സംശയിക്കുന്നത്.  അതേസമയം അഞ്ചു ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായാണ് കോളനിവാസികള്‍ പറയുന്നത്. 

രണ്ട് പേരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചു. പെരിയവര പാലം തകര്‍ന്നിരിക്കുന്നതിനാല്‍ ആളുകളെ ചുമന്നാണ് പുറത്തേക്ക് എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ പ്രദേശം. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത് കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്.  

ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. പുലര്‍ച്ചെയുണ്ടായ അപകടം ആയതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. കനത്ത മഴയെത്തുടര്‍ന്ന് പ്രദേശത്തെ വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്നിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com