രാജമല ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ധനസഹായം പ്രഖ്യാപിച്ചു 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്
രാജമല ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ധനസഹായം പ്രഖ്യാപിച്ചു 


മൂന്നാര്‍ : മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മോദി ട്വീറ്റില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുക. 

പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച കൂടുതല്‍ ആളുകളുടെ മൃതദേഹം കണ്ടെത്തി. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി. 51 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍  പൂര്‍ണമായി മൂടി. 

അപകടസമയത്ത് എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും  ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com