രാത്രി യാത്ര വേണ്ട; അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണം

രാത്രി യാത്ര വേണ്ട; അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണം
രാത്രി യാത്ര വേണ്ട; അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണം

തിരുവനന്തപുരം: കേരളത്തിൻറെ സമീപ പ്രദേശങ്ങളിൽ  മഴക്കെടുതി രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലും സമീപ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ മുംബൈ കൊങ്കൺ ബെൽറ്റിലും മഴ രൂക്ഷമാണ്. ഇത്തരം സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാനും താഴ്ന്ന പ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്‌. അതിനാല്‍ ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ദേശീയ ദുരന്ത പ്രതികരണസേനയുടെ പത്ത് ടീമിനെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ സംസ്ഥാനം ആവശ്യപ്പെട്ടത്. ഒന്നാം ഘട്ടത്തിൽ നാല് ടീമിനെ നമുക്കു ലഭിച്ചു. വയനാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലായി ഈ സേനയെ വിന്യസിക്കുകയാണ് ചെയ്തത്. ഇപ്പോൾ കൂടുതൽ ടീമിനെ കൂടി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com