വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കും;  നാം നേരിടുന്നത് ഇരട്ടദുരന്തമെന്ന് മുഖ്യമന്ത്രി

ഇത് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി മാത്രം പൂര്‍ത്തീക്കരികാവുന്ന ദൗത്യമല്ല
വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കും;  നാം നേരിടുന്നത് ഇരട്ടദുരന്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഓഗസ്റ്റ് പത്തു മുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും നിബന്ധനകളോടെ അനുമതി നല്‍കി. ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. 

കൊല്ലം ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളിലുള്ള സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. പട്ടണക്കാട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി.

നാം ഒരു ഇരട്ടദുരന്തമാണ് നേരിടുന്നത്. ഒരുഭാഗത്ത് കോവിഡ് പ്രതിരോധ സമരം. ഇപ്പോള്‍ കാലവര്‍ഷക്കെടുതികള്‍ക്കെതിരായ പ്രവര്‍ത്തനവും വേണ്ടിവന്നിരിക്കുന്നു. ഇതുവരെ വന്ന മുന്നറിയിപ്പുകള്‍ വെച്ച് അപകടസാധ്യതകള്‍ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കും എന്നാണ് വിദഗ്ധ നിഗമനം. അങ്ങനെ പ്രവചിക്കപ്പെട്ട മട്ടിലുള്ള വര്‍ധനയുടെ തോത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പംതന്നെ പ്രകൃതിദുരന്ത നിവാരണത്തിനുവേണ്ടിയുള്ള ഇടപെടലും ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇത് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി മാത്രം പൂര്‍ത്തീക്കരികാവുന്ന ദൗത്യമല്ല.

ഈ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ ഭേദങ്ങള്‍ മാറ്റിവെച്ച്, മറ്റെല്ലാ ഭേദചിന്തകള്‍ക്കും അതീതമായി നമുക്ക് ഒന്നിച്ച് ഈ ദുര്‍ഘടസന്ധിയെ നേരിടേണ്ടതുണ്ട്. അതിന് മുഴുവന്‍ ജനങ്ങളുടെയും സഹായവും പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com