വിറങ്ങലിച്ച് രാജമല, മരണം 11 ആയി ; 16 പേരെ രക്ഷപ്പെടുത്തി ; നാലുപേരുടെ നില ഗുരുതരം ; വ്യോമസേനയും പെട്ടിമുടിയിലേക്ക് ( വീഡിയോ)

20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു
വിറങ്ങലിച്ച് രാജമല, മരണം 11 ആയി ; 16 പേരെ രക്ഷപ്പെടുത്തി ; നാലുപേരുടെ നില ഗുരുതരം ; വ്യോമസേനയും പെട്ടിമുടിയിലേക്ക് ( വീഡിയോ)


മൂന്നാര്‍ : ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 16 പേരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 20 വീടുകളിലെ 53 പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. പ്രദേശത്ത് മഴ തുടരുന്നത് രക്ഷാദൗത്യത്തിന് തടസ്സമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം ഉടനെ എത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കൂടി രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്. 

ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പെരിയവര പാലം തകര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ 50 അംഗ ഹെലികോപ്റ്റര്‍ സംഘം രാജമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. 

രാജമല പെട്ടിമുടി സെറ്റില്‍മെന്റില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പത്തുദിവസമായി കനത്ത മഴയാണ്. പത്തുദിവസമായി വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. 

ഇതോടെ ബാഹ്യലോകവുമായുള്ള ബന്ധം ഇല്ലാതായതാണ് അപകടം പുറത്തറിയാന്‍ വൈകിയത്. മേഖലയില്‍ ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം കൂടുതല്‍ പേരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി എം എം മണി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com