24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പെയ്തത് 198.4 മി.മീ മഴ, ജലനിരപ്പ് ഉയര്‍ന്നത് ഏഴ് അടി:  മുഖ്യമന്ത്രി

വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പെയ്തത് 198.4 മി.മീ മഴ, ജലനിരപ്പ് ഉയര്‍ന്നത് ഏഴ് അടി:  മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പെയ്തത് 198.4 മി.മീ മഴയാണ്. തേക്കടിയില്‍ 157.2 മി.മീ മഴയും പെയ്തു. ഈ സമയത്തിനുള്ളില്‍ 7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജല നിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നു.

വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്‌സും ആണ്.

കട്ടപ്പന എം ഐ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ നല്‍കിയ വിവരം പ്രകാരം തമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ക്യുസക്‌സ് ജലം പുറന്തള്ളിയപ്പോള്‍ 2018ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവങ്ങള്‍ നമുക്കറിയാം. അതിനാല്‍ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നതായും അറിയുന്നു. അതിനാല്‍ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com