അപകടകാരണത്തെക്കുറിച്ച് ഊഹാപോഹത്തിനില്ല ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം ; സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു
അപകടകാരണത്തെക്കുറിച്ച് ഊഹാപോഹത്തിനില്ല ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം ; സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

കോഴിക്കോട് : കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

നാട്ടുകാരുടെയും പ്രാദേശിയ ഭരണകൂടങ്ങളുടെയും സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലെത്തിക്കാന്‍ പരിശ്രമിച്ച എല്ലാവരെയും അനുമോദിക്കുന്നു. എയര്‍ ഇന്ത്യയുടെയും രാജ്യത്തെയും ഏറ്റവും മികച്ച പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. 

വ്യോമസേനയുടെ മുന്‍ വൈമാനികനും, ഏറ്റവുമധികം അനുഭന പരിചയമുള്ളയാളുമാണ് വിമാനത്തിന്റെ പൈലറ്റായ ഡി വി സാഥെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി. കോക്ക്പിറ്റ് വോയിസ് റിക്കോര്‍ഡറും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരണം നടത്തൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

വഴുക്കലിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്നും വിമാനം തെന്നിയതാണ് അപകടകാരണമെന്ന് കേന്ദ്രമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും വ്യാമയാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടത്തില്‍ 18 പേര്‍ മരിച്ചതായും, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com