'ആശങ്കയുണ്ടാക്കുന്ന അപകടം', വി മുരളീധരൻ കരിപ്പൂരിലെത്തി; മുഖ്യമന്ത്രി രാവിലെ എത്തിയേക്കും
By സമകാലിക മലയാളം ഡെസ് | Published: 08th August 2020 08:22 AM |
Last Updated: 08th August 2020 08:22 AM | A+A A- |

കോഴിക്കോട്: വിമാനാപകടം വിലയിരുത്താൻ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരൻ കരിപ്പൂരിലെത്തി. ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ന്യൂഡൽഹിയിൽ നിന്ന് തിരിച്ച അദ്ദേഹം പുലർച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. കരിപ്പൂർ വിമാനത്താവളം ടേബിൾടോപ്പ് വിമാനത്താവളമായതിന്റെ പരിണിതഫലമാണ് ഈ അപകടമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
റൺവേ ഉയരത്തിൽ നിന്നതും റൺവേ കഴിഞ്ഞുള്ള പ്രദേശം താണുകിടന്നതുമാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. റൺവേ കഴിഞ്ഞ് മുന്നോട്ടുപോയ വിമാനം മതിലു കഴിഞ്ഞ് മുന്നോട്ട് മൂക്കുകുത്തി വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ ഉണ്ടാകുന്ന ഗൗരവമായ അപകടങ്ങളുടെ ഉദാഹരണമാണിത്. കോഴിക്കോട് വിമാനത്താവളത്തിൽ മഴയുള്ളപ്പോൾ ഇറങ്ങിയെങ്കിൽ ഇറങ്ങി എന്ന് പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാറുണ്ട്. എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നുള്ളകാര്യത്തിൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് രാവിലെ കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദർശിച്ചേക്കും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. അപകടത്തിൽ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ കണ്ടേക്കും.
കരിപ്പൂരുണ്ടായ വിമാനപകടത്തിൽ കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചു. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജൻസികളുടെയും വിദഗ്‍ധസംഘങ്ങളും കേന്ദ്രവിദേശകാര്യമന്ത്രിയ്ക്കൊപ്പം കരിപ്പൂരിലെത്തിയിട്ടുണ്ട്. അവരിപ്പോൾ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പൊലീസുദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾക്കായി അവരെ സഹായിക്കാനെത്തിയിട്ടുണ്ട്. ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ബ്ലാക് ബോക്സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ തുടർന്നുവരികയാണ്.