'ആരുടേയോ ഫോണ്‍ വാങ്ങി അവന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു...'; സന്തോഷത്തോടെ പിരിഞ്ഞു, മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തം, ഉറ്റവരെക്കുറിച്ച് ഓര്‍ത്ത് തീതിന്ന് പ്രവാസികള്‍

കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ വാര്‍ത്ത പുറത്തുവന്നതുമുതല്‍ തീതിന്ന് കഴിയുകയാണ് അപകടത്തില്‍പ്പെട്ടവരുടെ പ്രവാസ ലോകത്തുള്ള ബന്ധുക്കള്‍.
'ആരുടേയോ ഫോണ്‍ വാങ്ങി അവന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു...'; സന്തോഷത്തോടെ പിരിഞ്ഞു, മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തം, ഉറ്റവരെക്കുറിച്ച് ഓര്‍ത്ത് തീതിന്ന് പ്രവാസികള്‍

രിപ്പൂര്‍ വിമാന ദുരന്തത്തിന്റെ വാര്‍ത്ത പുറത്തുവന്നതുമുതല്‍ തീതിന്ന് കഴിയുകയാണ് അപകടത്തില്‍പ്പെട്ടവരുടെ പ്രവാസ ലോകത്തുള്ള ബന്ധുക്കള്‍. തങ്ങള്‍ക്കൊപ്പം കളിച്ചും ചിരിച്ചുമുണ്ടായിരുന്നവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ഇവര്‍ ഇപ്പോഴും മുക്തരായിട്ടില്ല. ചിലരെ തേടി ആശ്വാസ വാര്‍ത്തയെത്തിയപ്പോള്‍, മറ്റു ചിലര്‍ക്ക് ഉറ്റവര്‍ വിട്ടുപോയ വിവരം അറിയേണ്ടിവന്നു. 

ഭാര്യയും മക്കളും ജീവനോടെയുണ്ടെന്ന വാര്‍ത്ത തേടിയെത്തിയതിന്റെ ആശ്വാസത്തിലാണ് ഷമീര്‍ വടക്കന്‍ പത്തപ്പിരിയം എന്ന പ്രവാസി. വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് വിമാനത്താവളത്തില്‍ തകര്‍ന്ന വിമാനത്തില്‍ ഷമീറിന്റെ ഏഴ് ബന്ധുക്കളും ഉണ്ടായിരുന്നു. അപകട വിവരം അറിഞ്ഞതുമുതല്‍ പരിഭ്രാന്തിയിലായ ഷമീര്‍, ഇവരെക്കുറിച്ച് അന്വേഷിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഒടുവില്‍ ഭാര്യയുടെ വിളിയെത്തി, ഏഴുപേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൃത്യസമയത്ത് രക്ഷാദൗത്യത്തിന് എത്തിയ നാട്ടുകാരോട് നന്ദി പറയുകയാണ് ഷമീര്‍. 

ദുബൈയിലെ സിലിക്കണ്‍ ഒയാസിസില്‍ ലോജിസ്റ്റിക് മാനേജറായി ജോലി ചെയ്യുന്ന ഷമീറിന്റെ ഭാര്യയും മൂന്ന് മക്കളും സഹോദരന്റെ ഭാര്യയും രണ്ട് മക്കളും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. സഹോദരന്റെ വിസ കാലാവധി അവസാനിച്ചതുകൊണ്ടാണ് കുടുംബത്തെ ഒരുമിച്ച് നാട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതനെന്ന് ഷമീര്‍ പറയുന്നു. ഷമീറും സഹോദരന്‍ സഫാനും ഇവര്‍ക്കൊപ്പം പോയിരുന്നില്ല. 

അതേസമയം. അപകടത്തില്‍പ്പെട്ട സഹോദരന്റെ ഭാര്യയുടെ വിവരമൊന്നും കിട്ടാത്തതിന്റെ ആധിയിലാണ് മറ്റൊരു പ്രവാസിയായ മുനീര്‍. 'ഉച്ചയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് അവള്‍ പോയത്. വീട്ടിലേക്ക് പോകുന്നതിനാല്‍ വലിയ സന്തോഷത്തിലായിരുന്നു. അവളെപ്പറ്റി ഇതുവരെയും വിവരമൊന്നുമില്ല'.- മുനീര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ഹാദിയയുടെയും കുഞ്ഞിന്റെ അരുകില്‍ കുടുംബാംഗങ്ങള്‍ എത്തിയ ആശ്വാസത്തിലാണ് മനാഫ്. 'വാര്‍ത്ത അറിഞ്ഞതിന് ശേഷം എന്തായിരുന്നു എന്റെ മാനസ്സികാവസ്ഥയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു...ഇപ്പോള്‍ സമാധാനമുണ്ട്'.-മനാഫ് പറയുന്നു. 

'ഭാര്യയുടെ സഹോദരിയും മക്കളും വിമാനത്തിലുണ്ടായിരുന്നു. മൂത്തകുട്ടി ആരുടെയോ മൊബൈല്‍ ഫോണ്‍ വാങ്ങി ഞങ്ങളെ വിളിക്കുകയായിരുന്നു'.- മറ്റൊരു പ്രവാസി അബ്ദുള്ള പറയുന്നു. ഭാര്യാ സഹോദരിയും ഇളയ കുഞ്ഞും രണ്ട് ആശുപത്രികളിലാണ്. ബന്ധുക്കള്‍ അവരുടെ അടുത്തേക്ക് പോയിട്ടുണ്ട്. അവര്‍ക്ക് എന്തുതരത്തിലുള്ള പരിക്കുകളാണ് പറ്റിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ അവര്‍ ജീവനോടെയിരിക്കുന്നു എന്നതില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു'- അബ്ദുള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com