വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്ന്; പിതാവ് ​ഗുരുതരാവസ്ഥയിൽ; ദു​രൂഹം

ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്ന്; പിതാവ് ​ഗുരുതരാവസ്ഥയിൽ; ദു​രൂഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെൺകുട്ടി മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ അരീങ്കല്ലിലെ ആൻ മേരി (16) യുടെ മരണത്തിലാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 

എലി വിഷം ഉള്ളിൽച്ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്ത് വിഷമാണെന്ന് സ്ഥിരീകരിക്കാൻ രാസ പരിശോധനാ ഫലം കൂടി പുറത്തുവരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. 

ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, മാതാവും സഹോദരനും അപകടനില തരണം ചെയ്തെന്നും ആശുപത്രി വിട്ടതായും പൊലീസ് വ്യക്തമാക്കി. 

ഒരാഴ്ച മുൻപാണ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയത്. ഇത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് ആറോടെയാണ് പെൺകുട്ടി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. ഇതിന് മുമ്പ് ഇവർ ചെറുപുഴയിൽ ഒറ്റമൂലി ചികിത്സ നടത്തിയതായും വിവരമുണ്ട്. അച്ഛൻ ബെന്നിയെയും അമ്മ ബെസിയെയും സമാന ലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

ആൻ മേരിയും സഹോദരൻ ആൽബിനും ചേർന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. അതിന്റെ ചിത്രം സാമൂഹിക മാധ്യമം വഴി കൂട്ടുകാരിക്ക് കൈമാറിയിരുന്നു. ബെന്നിയും ആൻ മേരിയുമാണ് ഐസ്ക്രീം അധികവും കഴിച്ചതെന്നാണ് വിവരം.

പെൺകുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ ആൻമേരിയുടെ വീട് സീൽ ചെയ്തതായി വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി. ചെറുപുഴ പൊലീസിൽ നിന്ന് കേസ് കൈമാറി കിട്ടിയാൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com