കണ്ടെയ്ന്‍മെന്റ് സോണ്‍, എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ചെത്തി നാട്ടുകാര്‍, മലപ്പുറം മാതൃക!

കരിപ്പൂര്‍ വിമാനത്താവളം അടങ്ങുന്ന പ്രദേശവും കൊണ്ടോട്ടിയും കണ്ടെയ്ന്‍മെന്റ് സോണിലാണ്. എന്നിട്ടും വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തി
കണ്ടെയ്ന്‍മെന്റ് സോണ്‍, എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ചെത്തി നാട്ടുകാര്‍, മലപ്പുറം മാതൃക!

കോഴിക്കോട്: രാജമലയിലെ ദുരന്തവാര്‍ത്ത കേട്ട് ഞെട്ടിയുണര്‍ന്ന മലയാളികളുടെ ഹൃദയം പിടിച്ചുലച്ചാണ് കരിപ്പൂരില്‍ നിന്നും ആ വാര്‍ത്ത വന്നത്. മഴ വില്ലനായ ദിവസത്തെ പഴിക്കുമ്പോഴും കരിപ്പൂരില്‍ രക്ഷാദൗത്യത്തിന് ഇറങ്ങി മനുഷ്യത്വത്തിന്റെ കണികകള്‍ വറ്റിയിട്ടില്ലെന്നതിന്റെ പ്രതീക്ഷ നല്‍കുകയാണ് വിമാനത്താവളം അടങ്ങുന്ന പ്രദേശത്തെ നാട്ടുകാരുടെ സമീപനം...

കരിപ്പൂര്‍ വിമാനത്താവളം അടങ്ങുന്ന പ്രദേശവും കൊണ്ടോട്ടിയും കണ്ടെയ്ന്‍മെന്റ് സോണിലാണ്. എന്നിട്ടും വലിയൊരു ശബ്ദം കേട്ടപ്പോള്‍ അവര്‍ ഓടിയെത്തി. വിദേശത്ത് നിന്ന് എത്തിയവരാണ്. കോവിഡ് ബാധിതരായിരുന്നിരിക്കാം ഒരുപക്ഷേ അപകടം പറ്റിയ വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ അതൊന്നും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും അവരെ പിന്നോട്ടടിച്ചില്ല. 

വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. കോരിച്ചൊരിയുന്ന മഴയും ഇരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിക്കാനായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും നാടാകെ പരന്നു. രാത്രി വൈകിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി ആളുകൾ എത്തി. 

ആശുപത്രിയിലേക്ക് എത്തിക്കാനും, കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കാനും അവര്‍ മുന്‍പില്‍ നിന്നു. ആദ്യ ഘട്ടം മുതല്‍ വിമാനത്താവളത്തിനുള്ളില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ സജീവമായി നിന്നു. ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാമായി പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. വിമാനത്താവളത്തില്‍ നൂറ്റമ്പതോളം ടാക്‌സി ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നിന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com