പെട്ടിമുടിയില്‍ അഞ്ചുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണം 22 ആയി; 49 പേര്‍ക്കായി തിരച്ചില്‍

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്
ഫോട്ടോ : ന്യൂ ഇന്ത്യൻ എക്സ്പ്രസ്
ഫോട്ടോ : ന്യൂ ഇന്ത്യൻ എക്സ്പ്രസ്

മൂന്നാര്‍ : മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ ഇനിയും 49 പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. 

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. മഴ മാറിനിന്നതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മൂന്നാര്‍ ആശുപത്രിയില്‍ പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കോലഞ്ചേരി മെഡിക്കന്‍ കോളജിലേക്കും മാറ്റി. പെട്ടിമുടിക്ക് താഴെ ആറ് കുത്തിയൊഴുകുന്നുണ്ട്. വീടിന്റെ അവശിഷ്ടങ്ങള്‍ അടക്കം ആറിലേക്ക് പതിച്ചിട്ടുണ്ട്. മാങ്കുളം ഭാഗത്ത് വീടിന്റെ അവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു.

രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയര്‍ & റസ്‌ക്യൂ സ്‌പെഷ്യല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com