മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം ; തമിഴ്‌നാടിന് കേരള സര്‍ക്കാരിന്റെ കത്ത് ;  ആശങ്കയെന്ന് മന്ത്രി മണി

മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം ; തമിഴ്‌നാടിന് കേരള സര്‍ക്കാരിന്റെ കത്ത് ;  ആശങ്കയെന്ന് മന്ത്രി മണി

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് കത്തയച്ചു. വൈഗ അണക്കെട്ടു വഴി നിയന്ത്രിതമായി വെള്ളം തുറന്നുവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്നാണ് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന്  മുല്ലപ്പെരിയാർ റിസർവോയറിൻ്റെ ക്യാച്മെൻ്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി വ്യക്തമാക്കിയിരുന്നു.  ഡാം തുറക്കേണ്ടത് തമിഴ്‌നാടാണ്. സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. സെക്കന്റില്‍ പതിനാലായിരം ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 134 അടിയിലേക്ക് എത്തി. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.  അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദ്ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.

ഈ ഘട്ടത്തിലെത്തിയാല്‍ സ്പില്‍വെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ് ,ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ കഴിഞ്ഞ ദിവസം  മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com