'ലാൻഡ് ചെയ്യുന്നതിന് മുൻപ് വിമാനം പലവട്ടം കറങ്ങി, മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല'; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു

സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു
'ലാൻഡ് ചെയ്യുന്നതിന് മുൻപ് വിമാനം പലവട്ടം കറങ്ങി, മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല'; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു

കരിപ്പൂർ: കരിപ്പൂപിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. ഇതിനോടകം 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 171 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ലാൻഡ് ചെയ്യുന്നതിന് മുൻപ് വിമാനം ഒന്നിലേറെ തവണ വട്ടം കറങ്ങിയെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത്.

"വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു എന്നാണ് സിദ്ധിഖ് മുഹമ്മദ് എന്ന യാത്രകൻ പറയുന്നത്. വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

"ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങൾ അതിന്റെ ഉള്ളിൽ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകൾ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുൻപ് തന്നെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നു. പൊതുവേ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു.- അപകടത്തിൽപ്പെട്ട ഫാത്തിമ വ്യക്തമാക്കി.

കനത്ത മഴയെത്തുടർന്നുണ്ടായ കാഴ്ചാ തടസ്സവും റൺവേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടേബിൾടോപ് മാതൃകയിലുള്ള റൺവേയാണു കോഴിക്കോട്ടേത്. ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. നാട്ടുകാരും വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുമാണ് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com