ശക്തി കുറയാതെ മഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് ; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദേശം

അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
ശക്തി കുറയാതെ മഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് ; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് നേരിയ ശമനത്തിന് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചു. ഇന്ന് അഞ്ചു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ ( ഞായറാഴ്ച) സംസ്ഥാനത്തെ മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. 

തിങ്കളാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനെയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com