സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം ദുബായിലേക്ക്; ലക്ഷ്യം ഫൈസൽ ഫരീദ്

സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം ദുബായിലേക്ക്; ലക്ഷ്യം ഫൈസൽ ഫരീദ്
സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം ദുബായിലേക്ക്; ലക്ഷ്യം ഫൈസൽ ഫരീദ്

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം ദുബായിലേക്ക്. എൻഐഎ സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി നൽകി. ഒരു എസ്പി അടക്കം രണ്ടംഗ സംഘം ദുബായിലെത്തും. ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തിന് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനുള്ളിൽ എൻഐഎ സംഘം ദുബായിലേക്ക് യാത്ര തിരിക്കും. 

സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസം എൻഐഎ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എൻഐഎയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എൻഐഎ സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം. കേസിലെ മറ്റൊരു പ്രതിയായ റെബിൻസൺ എന്നയാളെ കസ്റ്റഡിയിലെടുക്കും. ഇതിനായി ദുബായ് പൊലീസിന്റെ സഹായം എൻഐഎ തേടുമെന്നും വിവരമുണ്ട്.

ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.

എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സർക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് ഒരു ഫെഡറൽ കുറ്റമായാണ് യുഎഇ കണക്കാക്കുന്നത്. അതിനാൽ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്.

ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യവും എൻഐഎ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. കേരളത്തിൽ നിന്ന് പോയ യുഎഇയുടെ അറ്റാഷെ ഇപ്പോൾ ദുബായിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നൽകിയിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യുഎഇ അധികൃതരുമായോ എൻഐഎ ചർച്ച ചെയ്യാനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com