കുത്തൊഴുക്കിൽപ്പെട്ട കുഞ്ഞിനെ മത്സ്യത്തൊഴിലാളി വലവീശിയെടുത്തു, ജീവനോടെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

നിറഞ്ഞുകവിഞ്ഞ് കുത്തിയൊഴുകുന്നതോട്ടിലേക്ക് കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു
കുത്തൊഴുക്കിൽപ്പെട്ട കുഞ്ഞിനെ മത്സ്യത്തൊഴിലാളി വലവീശിയെടുത്തു, ജീവനോടെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ആലപ്പുഴ; പള്ളിപ്പുറത്ത് തോട്ടിൽവീണ്  കുത്തൊഴുക്കിൽപ്പെട്ട കുഞ്ഞിനെ വലവീശി കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേന്നംപള്ളിപ്പുറം  ആര്യാട് നോർത്ത് കൊച്ചുവെളി ലിജോയുടെ ഏകമകൻ നേതൽ ലിജോയാണ് പ്രാർത്ഥനകൾ വിഫലമാക്കി മടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്കുരണ്ടോടെ പള്ളിപ്പുറം മൂന്നുതോട്ടിലാണ് അപകടം.

കളത്തിൽക്കലുങ്കിനരികെ തോടിനോടുചേർന്ന വീട്ടിലാണ് ലിജോ വാടകയ്ക്കുതാമസിക്കുന്നത്. നിറഞ്ഞുകവിഞ്ഞ് കുത്തിയൊഴുകുന്നതോട്ടിലേക്ക് കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് നിരവധി പേർ തിരച്ചിലിനായി എത്തി. അതിന് അരക്കിലോമീറ്റർ മാറി മീൻപിടിക്കുകയായിരുന്ന ചേന്നംപള്ളിപ്പുറം വേലിക്കകത്ത് ബാബു കുത്തിയൊലിക്കുന്ന വെള്ളത്തിനൊപ്പം ഒഴുകിവന്ന കുട്ടിയെ വലവീശി പിടിച്ച് കരയ്ക്കെത്തിച്ചു.

കമിഴ്ന്നനിലയിലാണ് കുട്ടിഒഴുകിവന്നത്. കരയ്ക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. ഉള്ളിലുണ്ടായിരുന്ന വെള്ളം പുറത്തുവന്നുകൊണ്ടിരുന്നു. ഉടനെ തുഞ്ഞിനേയും കൊണ്ട് ചേർത്തലയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും നെടുമ്പ്രക്കാട്ടെത്തിയപ്പോഴേക്കും കുട്ടിയുടെ ചലനംനിലച്ചു. അടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലാണ്. ചെല്ലാനം ഹാർബറിലെ ജോലിക്കാരനാണ് കുഞ്ഞിനെ വലവീശിയെടുത്ത ബാബു. കൊറോണ കാരണം പണിയില്ലാത്തതിനെ തുടർന്ന് സമീപത്തെ തോടുകളിൽ വലവീശിയാണ് ഉപജീവനം കഴിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com