ചെങ്ങന്നൂരില്‍ നാലടിവരെ വെള്ളം ഉയരും; കൂടുതല്‍ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക്

പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ
ചെങ്ങന്നൂരില്‍ നാലടിവരെ വെള്ളം ഉയരും; കൂടുതല്‍ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക്

ചെങ്ങന്നൂര്‍: പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഇതിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്നും 120ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഡാമിന്റെ ആറു ഷട്ടറുകള്‍ രണ്ടടി വീതമാണ് തുറന്നിരിക്കുന്നത്.

പമ്പ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയില്ല. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുകഴിഞ്ഞു. നൂറോളം ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. പതിനായരക്കണക്കിന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. 

ഏഴുമണിയോടെ പമ്പയിലെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലടി വെള്ളം ഉയരുമെന്നാണ് കരുതുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ പൂര്‍ണമായും മാറ്റി.  ക്യാമ്പുകളിള്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. ഭക്ഷ്യ ഉല്പന്നങ്ങളടക്കം എത്തിച്ചുകഴിഞ്ഞു. മെഡിക്കല്‍ ടീമിനെ സജ്ജരാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയുണ്ട്. 2018ലെ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകില്ല. 

വാഹനങ്ങളെല്ലാം മാറ്റിക്കഴിഞ്ഞു. വീടുകളിലെ പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നിവയൊക്കെ മാറ്റി. വളര്‍ത്തുമൃഗങ്ങളെ എല്ലാം മാറ്റിക്കഴിഞ്ഞു. അതിനാല്‍ ഭീതിയുടെ അന്തരീക്ഷം ഇപ്പോഴില്ല. കോവിഡ് 19 ന്റെ പ്രൊട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുന്നുണ്ട്.  അതുകൊണ്ട് പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബന്ധുവീടുകളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. 

ഡാമിന്റെ ബാക്കിയുള്ള നാല് ഷട്ടറുകള്‍ കൂടി ഉടന്‍ ഉയര്‍ത്തും എന്നാണ് വിവരം. ഇതോടെ പമ്പയില്‍ നാല്‍പ്പത് സെന്റീമീറ്റര്‍ ജലം ഉയരും. 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. നിലവില്‍ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പറഞ്ഞു.

ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിയുമ്പോള്‍ മാത്രമേ റാന്നി ടൗണില്‍ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയില്‍ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല. അതിനാല്‍ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നതെന്നും കളക്ടര്‍ പറഞ്ഞു. 

ജില്ലയില്‍ വെള്ളം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലം ജില്ലയില്‍ നിന്നും 15 വള്ളങ്ങള്‍ കൂടി പുറപ്പെട്ടു. കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പാട് എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുക. വരുന്ന വള്ളങ്ങളില്‍ എട്ട് എണ്ണം തിരുവല്ലയ്ക്കും രണ്ടെണ്ണം അടൂരിനും നല്‍കാനാണ് നിര്‍ദേശം കൊടുത്തിട്ടുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കി. ബാക്കി വള്ളങ്ങള്‍ സാഹചര്യമനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 8 ന് പത്ത് വള്ളങ്ങളും 30 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തു നിന്നും എത്തിയിരുന്നു. അഞ്ച് വള്ളങ്ങള്‍ ആറന്മുളയിലും അഞ്ച് വള്ളങ്ങള്‍ റാന്നിയിലുമായിട്ടാണ് എത്തിച്ചിട്ടുള്ളത്. ജില്ലയില്‍ ആകെ 25 വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com