കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ; സംസ്ഥാനത്താകെ  'നൈബര്‍ഹുഡ് വാച്ച് സിസ്റ്റം'

കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ; സംസ്ഥാനത്താകെ  'നൈബര്‍ഹുഡ് വാച്ച് സിസ്റ്റം'

ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന്
ന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു

സമ്പര്‍ക്കവ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹര്‍ഷിത അത്തല്ലൂരിക്കു പ്രത്യേക ചുമതല നല്‍കി. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐജി നേതൃത്വം നല്‍കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ തൃപ്തികരമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികള്‍ക്ക് രൂപം നല്‍കാനുമായി ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.

തീരദേശദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തെ സഹായിക്കും.കോവിഡ് രോഗ ബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും.

ആലപ്പുഴ ജില്ലയില്‍ പാണാവള്ളിയില്‍ പുതിയ ലിമിറ്റഡ് ക്‌ളസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വെട്ടയ്ക്കല്‍, കടക്കരപ്പള്ളി, ചെട്ടികാട് എന്നീ ലാര്‍ജ് ക്‌ളസ്റ്ററുകളിലും രോഗവ്യാപനം തുടരുകയാണ്.എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലാണ് ജില്ലയില്‍ ഇപ്പോള്‍ പ്രധാനമായും രോഗവ്യാപനം ഉള്ളത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂടുതല്‍ സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്.

മലപ്പുറം ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമാണുള്ളത്. ഇന്നലെ മാത്രം 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com