ലൈഫ് പദ്ധതിയില്‍ ക്രമക്കേട്; റെഡ് ക്രസന്റുമായുള്ള ഇടപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

ലൈഫ് പദ്ധതിയില്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലൈഫ് പദ്ധതിയില്‍ ക്രമക്കേട്; റെഡ് ക്രസന്റുമായുള്ള ഇടപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റിന്റെ സഹായത്തോടെ വീടുകള്‍ നിര്‍മിക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം അറിയാതെ ഒന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. റെഡ് ക്രസന്റ് 20 കോടിയാണ് ലൈഫ് മിഷന് വേണ്ടി നല്‍കാനുള്ള തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്ക് മുഖ്യമന്ത്രി ദുബൈയില്‍ പോയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പോകുന്നതിന് നാല് ദിവസം മുമ്പ് ശിവശങ്കറും സ്വപ്‌ന സുരേഷും ദുബൈയില്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റെഡ് ക്രസന്റുമായി ധാരണയിലെത്തിയത് കേരളത്തിലെ റെഡ് ക്രോസ് അറിഞ്ഞിട്ടില്ല്. ഇത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് റെഡ് ക്രോസ് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലൈഫ് പദ്ധതിയുടെ പേരില്‍ ഒരു കോടി രൂപ കമ്മീഷന്‍ കിട്ടി എന്നാണ് സ്വപ്ന കോടതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം അവര്‍ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നുണ്ട്. ആ തുകയാണ് ശിവശങ്കറിന്റെ സഹായത്തോടെ ലോക്കറില്‍ വെച്ചതെന്ന് സ്വപ്‌ന പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കുമുള്ള പങ്കെന്താണെന്ന് അദ്ദേഹം ചോദിച്ചു.


സ്വര്‍ണക്കടത്ത് കേസില്‍ ഉത്തരവാദിത്വമില്ലെന്നും പ്രിന്‍സിപ്പിള്‍ സെക്രട്ടറിയെ പുറത്താക്കിയതോടെ ആ അധ്യായം അവസാനിച്ചുവെന്നുമാണ് മുഖ്യമന്ത്രി പലതവണ പറഞ്ഞത്. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതി മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com